നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെ 4 പ്രതികൾ കുറ്റവിമുക്തർ: ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് പരാജയം
Actress Assault Case: Actor Dileep, 4 others acquitted
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പെടെ നാല് പ്രതികളെ കുറ്റവിമുക്തരാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു.
ക്രിമിനൽ ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
മൊത്തം പത്ത് പ്രതികളുള്ള കേസിൽ എട്ടാം പ്രതിയായ ദിലീപ്, ഏഴാം പ്രതി ചാർലി തോമസ്, ഒമ്പതാം പ്രതി സനിൽ കുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
അതേസമയം, ഒന്നാം പ്രതി പൾസർ സുനി (സുനിൽ കുമാർ), രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി സലിം എച്ച്, ആറാം പ്രതി പ്രദീപ് എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി. ബലാത്സംഗം, കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, തെളിവ് നശിപ്പിക്കൽ, അശ്ലീല ദൃശ്യങ്ങൾ പകർത്തൽ- പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. ഒന്നും മുതൽ ആര് വരെ പ്രതികൾക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവര്‍ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ദിലീപിനെതിരെയും ബലാത്സംഗ ഗൂഢാലോചന ഉൾപ്പെടെ ചുമത്തിയിരുന്നെങ്കിലും, ആ കുറ്റം തെളിയിക്കാൻ തെളിവുകൾ പോരാതെ വന്നതോടെയാണ് അദ്ദേഹത്തെ വെറുതെ വിട്ടത്.
വിധി വന്നയുടൻ കോടതി വളപ്പിലും ദിലീപിന്റെ ആലുവയിലെ വീട്ടുമുന്നിലും ആരാധകർ ആഹ്ലാദപ്രകടനം നടത്തി. കോടതി മുറിക്കുള്ളിൽ തന്നെ അഭിഭാഷകർ ദിലീപിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.