മലയാറ്റൂരിലെ ബിരുദവിദ്യാർത്ഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ സംശയം ;പൊലീസിനോടു വിവരിച്ചു പ്രതി അലൻ ബെന്നി
മലയാറ്റൂരിൽ ബിരുദ വിദ്യാർത്ഥിനി ആയിരുന്ന ചിത്രപ്രിയ (19 ) നെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ആയ അലൻ ബെന്നിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊലപാതകം നടത്തിയ വിധം പ്രതി പോലീസിനോട് വിവരിച്ചു .
ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്ക് പിറകിൽ വെച്ചായിരുന്നു രാത്രി ചിത്രപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞു .
ചിത്രപ്രിയ ബെംഗളൂരുവിൽ പഠിക്കാൻ പോയതുമുതൽ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. ബെംഗളൂരുവിൽ ചിത്രപ്രിയയ്ക്ക് മറ്റൊരു സുഹൃത്ത് ഉണ്ടെന്ന അലന്റെ സംശയമാണ് പ്രശ്നമാവുകയും ഈ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നെന്നും പ്രതി സമ്മതിച്ചു .
പ്രതിയെ 9 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയത്. സംഭവത്തിൽ വേറെ ആർക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി.മേപ്പിള്ളി പറഞ്ഞു.
ഡിസംബർ ഒൻപതിനാണു മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു .