അഞ്ചുവർഷത്തെ വിവാദഭരണം: മുന്നറിയിപ്പുകൾ തള്ളി, നേതാക്കൾ സംരക്ഷിച്ചു: തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപിക്ക്
5 years of controversial mayorship hands Thiruvananthapuram Corporation over to BJP
തിരുവനന്തപുരം: കോർപറേഷൻ ഭരണത്തിലെ നിരവധി പാളിച്ചകളും വിവാദങ്ങളും ജില്ലാ നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാന നേതൃത്വം അവഗണിച്ചതാണ് തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണമെന്ന ആരോപണം സിപിഎമ്മിനുള്ളിൽ ശക്തമാകുന്നു. മുൻ മേയർ ആര്യ രാജേന്ദ്രന് ലഭിച്ച അമിത പിന്തുണയും സംരക്ഷണവുമാണ് തലസ്ഥാന നഗരസഭയിൽ എൽഡിഎഫിന്റെ പരാജയത്തിന് പിന്നിലെന്ന് പാർട്ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നു. തോൽവിക്കുപിന്നാലെ, ഭരണസമിതി കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന ഗായത്രി ബാബു നടത്തിയ വിമർശനം പാർട്ടിയിലെ ആഭ്യന്തര രോഷത്തിന്റെ പ്രതിഫലനമാണ്. മേയർ ഓഫിസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സിപിഎം കൗൺസിലർമാർക്കുപോലും എതിർപ്പുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഎം അനുഭാവികളുടെ പ്രൊഫൈലുകളിലും ആര്യയ്ക്കെതിരെ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു.
ആര്യയുടെ ഭരണകാലത്തെ വിവാദങ്ങളിൽ സംരക്ഷണം നൽകിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസുമാണെന്ന് ആര്യയെ എതിർക്കുന്ന വിഭാഗം ആരോപിക്കുന്നു. രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ എ.എ. റഹീമും ആര്യയെ പിന്തുണച്ചിരുന്നു. ജില്ലയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ ആര്യയ്ക്കെതിരെ മിണ്ടാതിരുന്നത് റഹീമിന്റെ സ്വാധീനം കൊണ്ടാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ആര്യയ്ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിട്ടും നേതാക്കൾ അത് മറച്ചുവെച്ച് സംരക്ഷിച്ചു.2024 ജൂലൈയിലെ ജില്ലാ കമ്മിറ്റി യോഗത്തിൽ കോർപറേഷൻ ഭരണത്തിലെ വീഴ്ചകളും ആര്യയുടെ പ്രവർത്തനശൈലിയും ഭരണം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മേയറെ മാറ്റിയില്ലെങ്കിൽ കോർപറേഷൻ നഷ്ടപ്പെടുമെന്ന ആശങ്കയും ഉയർന്നു. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മേയറെ മാറ്റുന്നത് എതിരാളികൾക്ക് ആയുധം നൽകുമെന്നായിരുന്നു അനുകൂലികളുടെ വാദം. മേയർ സ്ഥാനം നഷ്ടപ്പെടുന്നത് ആര്യയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ വി. ശിവൻകുട്ടിക്ക് പകരം ആര്യയെ മത്സരിപ്പിക്കാനുള്ള നീക്കം ഉണ്ടായിരുന്നു. അതിനാൽ ആര്യയെ കുറ്റപ്പെടുത്തി മാറ്റുന്നത് ഗുണകരമല്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, കനത്ത തോൽവിയും നേമത്തെ ബിജെപിയുടെ മുന്നേറ്റവും കണക്കിലെടുത്ത് ആര്യയ്ക്ക് നേമം സീറ്റ് ലഭിക്കാനിടയില്ല. നേമത്ത് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചുവർഷത്തെ പ്രധാന വിവാദങ്ങൾ:
• താൽക്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ നിയമിക്കാൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ആര്യ അയച്ച കത്ത്.
• എംജി റോഡിലെ സ്വകാര്യ ഹോട്ടലിന് അനധികൃത പാർക്കിങ് അനുവാദം.
• ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുത്തത്.
• കോവിഡ് കാലത്ത് നടക്കാതിരുന്ന ആറ്റുകാൽ പൊങ്കാല മാലിന്യ നീക്കത്തിന് 21 ടിപ്പറുകൾ വാടകയ്ക്കെടുത്തത്.
• നികുതി തുകകൾ രേഖകളില്ലാതെ നഷ്ടപ്പെട്ടത്.
• എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് 2.5 കോടിയുടെ കരാർ നൽകിയത് സർക്കാർ ഉത്തരവ് ലംഘിച്ച്.
• കെട്ടിട നമ്പർ അഴിമതി.
• പട്ടികജാതി ഫണ്ട് തിരിമറി.
• ജാതി വ്യത്യാസത്തോടെ കായിക ടീം രൂപീകരണം.
• നിരക്ഷരരുടെ എണ്ണം കൂട്ടിക്കാട്ടി അക്ഷരശ്രീ ഫണ്ട് തട്ടിപ്പ്.
• വെള്ളപ്പൊക്ക വിവാദം.
• സ്മാർട്ട് സിറ്റി റോഡുകളിലെ കുഴികൾ.
• കെഎസ്ആർടിസി ഡ്രൈവറുമായുള്ള വാക്കുതർക്കം.
• യുകെ പാർലമെന്റ് പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദം.
പാർട്ടി തോൽവി പ്രതീക്ഷിച്ചിരുന്നോ എന്ന സംശയം
ആര്യ രാജേന്ദ്രനെ വീണ്ടും സ്ഥാനാർഥിയാക്കുമോ എന്ന ആകാംക്ഷയ്ക്കുശേഷം പ്രചാരണത്തിൽ ആര്യയുടെ അസാന്നിധ്യമാണ് ചർച്ചയായത്. സംസ്ഥാനത്തെ മറ്റ് കോർപറേഷനുകളിൽ നിലവിലെ മേയർമാർ സജീവമായിരുന്നപ്പോൾ തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയാണ് എൽഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. സീറ്റ് നിഷേധിക്കപ്പെട്ട ആര്യ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പരിപാടികളിൽ മാത്രം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽപ്പോലും ആര്യയെ ഉൾപ്പെടുത്തിയില്ല. ആര്യയെ പാർട്ടി മനഃപൂർവം മാറ്റിനിർത്തിയെന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളോട് സംസാരിച്ചതുപോലും പാർട്ടി നിർദേശ പ്രകാരമായിരുന്നു ആര്യയുടേത്.