വിജയ്​യുടെ ‘ജന നായകൻ’ ജനുവരി 9 ന് തിയറ്ററുകളിലെത്തും

By :  Devina Das
Update: 2026-01-06 10:18 GMT

വിജയ്​യുടെ അവസാന ചിത്രം ‘ജന നായകൻ’ ജനുവരി 9 ന് തന്നെ തിയറ്ററുകളിലെത്തും. സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു.

സിനിമയ്ക്കു സെൻസർ ബോർഡ് അംഗീകാരം നൽകി.

യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 3 മണിക്കൂർ 3 മിനിറ്റ് 43 സെക്കൻഡ് ആണ് ആകെ ദൈര്‍ഘ്യം. ആദ്യ പകുതി: 1 മണിക്കൂർ 28 മിനിറ്റ് 35 സെക്കൻഡ്, രണ്ടാം പകുതി: 1 മണിക്കൂർ 35 മിനിറ്റ്.

ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്.

കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല.

ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്. വിജയ്‌യുടെ ഇതിനു മുൻപിറങ്ങിയ സിനിമകളുടെയെല്ലാം കളക്ഷൻ ആദ്യ ദിനം ജന നായകൻ തകർക്കുമെന്നാണ് കണക്കൂകൂട്ടൽ.

തെലുങ്കിൽ ബാലയ്യ നായകനായ ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ജന നായകൻ.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അതേസമയം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജന നായകന്റെ കേരളത്തിലെ ആദ്യ ഷോ ജനുവരി 9ന് രാവിലെ ആറ് മണിക്ക് ആകുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാർ. നാല് മണിക്ക് ഷോ നടത്താൻ ശ്രമിച്ചെന്നും എന്നാൽ തമിഴ്‌നാട്ടിൽ അനുമതി ലഭിച്ചില്ലെന്നും എസ്എസ്ആർ എന്റർടെയ്ൻമെന്റ് അറിയിച്ചു. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.

Similar News