ധനുഷിനൊപ്പം മമിത; 'കര' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ധനുഷിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഡി54. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ അപ്ഡേറ്റിനായി ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആരാധകർക്കുള്ള പൊങ്കൽ സമ്മാനമായി ഡി54 ന്റെ ടൈറ്റിൽ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
'കര' എന്നാണ് ചിത്രത്തിന്റെ പേര്.വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. തീക്ഷണതയേറിയ നോട്ടത്തോടെയുള്ള ധനുഷിനെയാണ് പോസ്റ്ററിൽ കാണാനാകുക. കത്തിയെരിയുന്ന വീടുകളും പോസ്റ്ററിൽ കാണാം. അതോടൊപ്പം പാടത്തിന് നടുക്ക് നിൽക്കുന്ന ധനുഷും പോസ്റ്ററിലുണ്ട്. മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
തേനി ഈശ്വർ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.മാർച്ചിലോ ഏപ്രിലിലോ ചിത്രം തിയറ്ററുകളിലെത്തും. നെറ്റ്ഫ്ലിക്സ് ആണ് കരയുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.