തുടക്കം ഗംഭീരമാക്കാനൊരുങ്ങി വിസ്മയ മോഹൻലാൽ
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക് ചുവടു വയ്ക്കുന്ന വാർത്ത ഏറെ ആവേശത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്.
ഒരു ഗ്രാൻഡ് ചടങ്ങിലൂടെയാണ് വിസ്മയയുടെ സിനിമാപ്രവേശം മോഹൻലാൽ ആരാധകരെ അറിയിച്ചത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമയിലേക്കുള്ള വരവ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു.
ഈ വർഷം ഓണം റിലീസായി ചിത്രമെത്തുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു പോസ്റ്റർ പുറത്തുവിട്ടത്.
പോസ്റ്ററിലെ ഒരു 'ബ്രില്യൻസ്' ആണിപ്പോൾ ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്.
നായിക വിസ്മയയേയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയേയും പോസ്റ്ററിൽ ഒറ്റനോട്ടത്തിൽ കാണാം.
ഒരു ബസിന്റെ വിൻഡോ സീറ്റിലെ യാത്രക്കാരായാണ് ഇരുവരും പോസ്റ്ററിലുള്ളത്.
എന്നാൽ, ഇവരെ കൂടാതെ അദൃശ്യ സാന്നിധ്യമായി പോസ്റ്ററിൽ മോഹൻലാലിനെയും കാണാം.
ഇതാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.
ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കാര്യം അണിയറപ്രവർത്തകർ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.
ലിനിഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് എന്നിവർ ചേർന്നാണ് തിരക്കഥ. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്.
ചമൻ ചാക്കോ ആണ് എഡിറ്റിങ്.