പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു, മലയാള സിനിമയിൽ ഇത് പുതുചരിത്രം
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി.
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസുമായാണ് 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഡീൽ നിവിൻ പോളി ഒപ്പു വെച്ചത്.
പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമ്മിക്കുക.
ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയ വമ്പൻ ചിത്രങ്ങളും അവാർഡുകൾ സ്വന്തമാക്കിയ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളും ഒരുപോലെ നിർമ്മിച്ചു കൊണ്ട്, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രതിഭകൾക്കൊപ്പം നിലകൊള്ളുന്ന സിനിമാ നിർമ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്.
അരങ്ങേറ്റ ചിത്രമായ ഓങ്കാര മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ഷൈതാൻ, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ദൃശ്യം 3 എന്നിവയിലൂടെ 50 ലധികം അഭിമാനകരമായ അവാർഡുകൾ ആണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുള്ളത്.
വരാനിരിക്കുന്ന ഒരുപിടി ചിത്രങ്ങളിലൂടെ, ആകർഷകമായ കഥകൾ, വലിയ പ്രതിഭകൾ, കേരളത്തിന് അകത്തും പുറത്തും പ്രതിധ്വനിക്കുന്ന സിനിമ എന്നിവ ഈ കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്നു.
ഇത് ദേശീയ, ആഗോള വേദിയിൽ മലയാള സിനിമയുടെ വർദ്ധിച്ചു വരുന്ന സ്വാധീനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.