എസ് പി വെങ്കിടേഷിന്റെ വിയോഗം ;ഓർമ്മകളിലൂടെ പ്രിയദർശൻ

By :  Devina Das
Update: 2026-02-03 09:42 GMT

എസ്പി വെങ്കിടേഷിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ സംഗീത ലോകം. മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന നിരവധി പാട്ടുകളൊരുക്കിയ പ്രതിഭയാണ് അദ്ദേഹം കന്നഡയിലൂടെ കരിയർ ആരംഭിച്ച്, തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ച ശേഷമാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. തൊണ്ണൂറുകളിൽ സൂപ്പർ ഹിറ്റായി മാറിയ നിരവധി സിനിമകൾക്ക് പാട്ടും പശ്ചാത്ത സംഗീതവുമൊരുക്കിയിട്ടുണ്ട് എസ്പി വെങ്കിടേഷ്.മലയാളത്തിന്റെ ക്രാഫ്റ്റ്മാൻ പ്രിയദർശന്റെ സിനിമകളിലും സ്ഥിരം സാന്നിധ്യമായിരുന്നു എസ്പി വെങ്കിടേഷ്. മുമ്പൊരിക്കൽ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ എസ്പി വെങ്കിടേഷിനൊപ്പമുള്ള ഓർമകൾ അദ്ദേഹം പങ്കുവച്ചിരുന്നു.

പ്രതിഭാധനനായ ഗിത്താറിസ്റ്റായിരുന്നു. അതിനാൽ എല്ലാ പാട്ടും കംപോസ് ചെയ്തിരുന്നത് ഗിത്തിറിലായിരുന്നു. അന്നത്തെ കാലത്ത് അതൊരു കൗതുകമായിരുന്നു. മിക്ക സംഗീത സംവിധായകരും ഹാർമോണിയവും തബലയുമായിരുന്നു അന്ന് ഉപയോഗിച്ചിരുന്നതെന്നാണ് പ്രിയദർശൻ പറയുന്നത്.''വളരെ സിമ്പിളായ മനുഷ്യനാണ്. അതാണ് അദ്ദേഹത്തെ കുറിച്ച് ആദ്യമേ പറയാനുള്ളത്. എപ്പോഴും ഒരു ചിരി മുഖത്തു കാണും. ഇന്നേവരെ ആരോടും അദ്ദേഹം ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല'' എന്നും പ്രിയദർശൻ ഓർക്കുന്നുണ്ട്. കുട്ടികളെ പോലെയാണ് എപ്പോഴും ചിരിക്കുക. അതേ മുഖവുമാണ്. ആ കുട്ടിത്തമുണ്ട് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകൾക്കുമെന്നും പ്രിയൻ പറയുന്നു.

പടങ്ങൾ റീ റെക്കോർഡ് ചെയ്യുകയെന്നത് വലിയൊരു ആർട്ട് തന്നെയാണ്. കണ്ടക്ട് ചെയ്യാനും നോട്‌സ് എഴുതാനും ഒരുപോലെ പ്രാഗത്ഭ്യമുള്ളയാൾ അന്ന് അപൂർവമായിരുന്നു. ഇന്നും ഈ രണ്ട് കഴിവുകളും ഒത്തിണങ്ങിയൊരാൾ ഉണ്ടെന്നു തോന്നുന്നില്ലെന്നും പ്രിയൻ അന്ന് പറഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും പ്രിയദർശൻ സിനിമകളുടെ ഭാഗമായിട്ടുണ്ട് എസ്പി വെങ്കിടേഷ്. ഒരിക്കൽ അദ്ദേഹത്തിന്റെ സംഗീതം കേട്ട് എആർ റഹ്മാൻ അമ്പരന്നു പോയതും പ്രിയദർശൻ ഓർക്കുന്നുണ്ട്.

''ഗർദീഷ്' എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതമൊരുക്കിയത് അദ്ദേഹമായിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണാൻ എ.ആർ റഹ്മാൻ വന്നിരുന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം എന്നെ റഹ്മാൻ വിളിച്ചു ചോദിച്ചു ആരാണ് പശ്ചാത്തല സംഗീതം ചെയ്തത്. ഓർക്കസ്‌ട്രേഷൻ അറേഞ്ച് ചെയ്ത രീതി അദ്ഭുതപ്പെടുത്തുന്നുവെന്നു പറഞ്ഞു റഹ്മാൻ'' എന്നാണ് പ്രിയദർശൻ ഓർക്കുന്നത്.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 70 വയസായിരുന്നു. എൺപതുകളുകളിലും തൊണ്ണൂറുകളിലും മലയാളത്തിൽ നിരവധി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകനായിരുന്നു. രാജാവിന്റെ മകൻ, ദേവാസുരം, കിലുക്കം, ഇന്ദ്രജാലം, സ്പടികം, കൗരവ്വർ, ജോണി വാക്കർ, കിഴക്കൻ പത്രോസ്, ഹിറ്റ്ലർ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

Similar News