വിജയ് മുഖ്യമന്ത്രിയായതിൽ ഞാൻ അസൂയപ്പെടുന്നില്ല ; രജനികാന്ത്
വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി രജനികാന്ത്.
ആ വാക്കുകളിലേക്ക്:
'തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഞാൻ പോയി സ്റ്റാലിനെ കണ്ടു. അത് കമന്റുകൾക്ക് ഇടവരുത്തി. സ്റ്റാലിൻ 40 വർഷമായി സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തിനും അപ്പുറത്തുള്ളതാണ്. വിജയവും പരാജയവും ജനാധിപത്യത്തിന്റെ ഭാഗമാണ്. സ്റ്റാലിൻ കൊളത്തൂരിൽ പരാജയപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. അതിനാൽ ഒരു സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തെ പോയി കാണുകയായിരുന്നു. അതിനർത്ഥം വിജയ് മുഖ്യമന്ത്രിയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നല്ല. സ്റ്റാലിനെ ഞാൻ കണ്ടത് വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാനല്ല. ഞാൻ രണ്ട് പാർട്ടികൾക്കുമിടയിൽ ഡീലിന് ശ്രമിക്കുന്നതായി കിംവദന്തികളുണ്ടായിരുന്നു.വിജയിയെ ഞാൻ അഭിനന്ദിച്ചില്ലെന്ന വിമർശനം കണ്ടു. അദ്ദേഹം ജയിച്ച ഉടനെ തന്നെ ഞാൻ എക്‌സിലൂടെ അഭിനന്ദിച്ചിരുന്നു. വിമാനത്താവളത്തിൽ വച്ച് സംഭവിച്ചത് പറയാം. പുറത്ത് മീഡിയക്കാരുണ്ടോ എന്ന് ഞാൻ ചോദിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് പുറത്തിറങ്ങിയത്. പെട്ടെന്ന് ഒരാൾ വന്ന് വിജയ് മുഖ്യമന്ത്രിയായെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. അയാളെ കണ്ടപ്പോൾ റിപ്പോർട്ടർ ആയി തോന്നിയില്ല. അതിനാലാണ് ചിരിച്ച് ഒഴിവാക്കിയത്.എനിക്ക് വിജയ്‌യോട് അസൂയയാണെന്നാണ് പറയുന്നത്. ഞാൻ രാഷ്ട്രീയത്തിലില്ല. എനിക്ക് എന്തിന് അദ്ദേഹത്തോട് അസൂയ തോന്നണം? കമൽ ഹാസൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ എനിക്ക് അസൂയ തോന്നുമോ? അപ്പോഴും എനിക്ക് അസൂയ തോന്നില്ല. ഞാനും വിജയ് യും തമ്മിൽ 25 വയസിന്റെ വ്യത്യാസമുണ്ട്. ഞങ്ങൾക്കിടയിൽ ജെനറേഷൻ ഗ്യാപ്പുണ്ട്. വിജയ്‌യെക്കുറിച്ച് കുറ്റം പറയുന്നത് എനിക്കും എന്നെക്കുറിച്ച് കുറ്റം പറയുന്നത് വിജയ്‌യ്ക്കും മോശമാകും. വളരെ ചെറിയ പ്രായത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. അദ്ദേഹത്തിന്റെ വിജയം എന്തിന് എന്നെ ബാധിക്കണം?