സാക്ഷി ഓടിവന്ന് കാലിൽ വീണു;സിവ ഉറങ്ങുന്നത് ഞാൻ അഭിനയിച്ച പാട്ട് കേട്ട് ;ജയറാം
സിനിമപോലെ ക്രിക്കറ്റ് പ്രേമിയാണ് നടൻ ജയറാം. ഇടയ്ക്കിടെ മാച്ചുകൾ കാണാൻ കുടുംബത്തോടൊപ്പം പോകാറുമുണ്ട്.ഇപ്പോഴിതാ
lചെന്നൈയിൽ ഐപിഎൽ കാണാനായി പോയപ്പോൾ സാക്ഷി ധോണിയെ കണ്ടുമുട്ടിയ കഥ പറഞ്ഞിരിക്കുകയാണ് ജയറാം . പരിമള ആന്റ് കോയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് ജയറാം ഈ കഥ പങ്കുവച്ചത്. സാക്ഷി തന്നെ കാണാൻ വന്നതിനെക്കുറിച്ചാണ് ജയറാം പറയുന്നത്.'ഒരാഴ്ച മുൻപാണ് സംഭവം. ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതായിരുന്നു. ഞാൻ എന്റെ സീറ്റിലിരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാൻ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാർത്ഥത്തിൽ അവർ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവർ എന്റെ കാലിൽ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു' ജയറാം പറയുന്നു.
'ഞാൻ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ കാലിൽ വീണതാണോ എന്ന് സംശയിച്ചു. പക്ഷേ അവർക്ക് എന്നെ അറിയാമായിരുന്നു. അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവർ ധോനിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് ഞാനഭിനയിച്ച അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നു. ആ പാട്ടുകേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്.' എന്നാണ് ജയറാം പറയുന്നത്.