ഗൗരിയെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങി ആമിർ ഖാൻ ; ജൂലായ് 5-ന് വിവാഹം

By :  Devina Das
Update: 2026-06-04 10:20 GMT

നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു . ഈ വരുന്ന ജൂലൈ അഞ്ചിന്കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങുകയാണ് താരം. ലളിതവും ആർഭാടരഹിതവുമായ വിവാഹം വീട്ടിൽ വെച്ചാണ് നടക്കുക .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.ഇരുവരും ഒരു വർഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. സന്തോഷകരവും സ്ഥിരതയുള്ളതുമായ ഒരു ജീവിതം ഒരുമിച്ച് കെട്ടിപ്പടുത്തുവെന്നും അതിനി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഔപചാരികമായി അടയാളപ്പെടുത്താൻ പോവുകയാണെന്നും താരവുമായി അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തി.

മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു. തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നത്. ഇതോടെ തന്റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിർ പറയുകയായിരുന്നു.ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂൺ ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ആയി ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു.ഇപ്പോൾ ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറു വയസുള്ള മകനും ഗൗരിക്ക് ഉണ്ട്. രണ്ടു തവണ വിവാഹം ചെയ്ത ആമിർ ഖാന് രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. 1986ൽ റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.

Similar News