പുതുവർഷം അതിഗംഭീരം; വിദേശസഞ്ചാരികൾക്ക് വിസ്മയമായി കാട്ടാനകൾ
തൃശൂർ: 2026ന്റെ തുടക്കം തന്നെ വളരെ മനോഹരമായ കാഴ്ചകൾക്ക് സാക്ഷ്യംവഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദേശസഞ്ചാരികളായ ഗൂസ് ഓരിയവും ഡൊണാൾഡും സംഘാംഗങ്ങളും.
പുതുവർഷത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ഇവർക്ക് വിസ്മയമായി കാട്ടാനകൾ വിഹരിക്കുന്ന കാഴ്ചകൾ.
കാമറയിൽ പകർത്തിയും അവയെ മനംനിറയേ കണ്ടും അവർ വിസ്മയിച്ചു.
പുതുവത്സര ആഘോഷത്തിനായി അതിരപ്പിള്ളിയിലെത്തിയ ഇംഗ്ലണ്ടിൽ നിന്നും സ്വീഡനിൽ നിന്നുമുള്ള സഞ്ചാരികൾക്കാണ് കാട്ടാനക്കൂട്ടം നയനമനോഹര കാഴ്ചയായത്.
സ്വീഡൻകാരനായ ഗൂസ് ഓരിയവും സംഘത്തിനും, ഇംഗ്ലണ്ട് സ്വദേശി ഡോൺൾഡും സംഘത്തിനും കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പുതിയനുഭവമായിരുന്നു.
അവിസ്മരണീയം..എന്നാണവർ പറഞ്ഞത്.
കാട്ടാനകളെ കണ്ട് കമ്പം കയറിയ അവർ 2026 ന്റെ തുടക്കം ഗംഭീരമായെന്നും അഭിപ്രായപ്പെട്ടു.
അതിരപ്പിള്ളിയിൽ അവർക്കായി ഒരുക്കിയ ഡിന്നറിന്റെ രുചിയെ പുകഴ്ത്താനും മറന്നില്ല.
കാട്ടാനകൾ തനതുപരിസ്ഥിതിയിൽ വിഹരിക്കുന്ന കാഴ്ച അവർക്ക് ഇതാദ്യമായിരുന്നു. നിരവധി ആനകളാണ് പകൽ സമയങ്ങളിലും പ്രദേശത്തുണ്ടായത്.
സ്വദേശികളുമടക്കം നിരവധി സഞ്ചാരികളാണ് വ്യാഴാഴ്ച അതിരപ്പിള്ളിയിലെത്തിയത്.പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് വെള്ളച്ചാട്ടം ശോഷിച്ചിരുന്നു.
സഞ്ചാരികളെ ഇത് നിരാശരാക്കി.
ഇതിനിടെയാണ് പുഴയോരങ്ങളിലും പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം എത്തിയത്. സുരക്ഷിതമായി കാട്ടാനകൂട്ടത്തെ കാണാനായതോടെ സഞ്ചാരികൾക്കും സന്തോഷം.