തന്റെ സഹജീവികളായ കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയ ആലിൻ ഷെറിനെ അനുസ്മരിച്ച് മോഹൻലാൽ

By :  Devina Das
Update: 2026-02-14 10:13 GMT

വിടപറയും മുൻപേ നാലു പേർക്ക് പുതുജീവൻ പകർന്ന് യാത്രയായിരിക്കുകയാണ് പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ അരുണും ഷെറിനും സമ്മതം അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിൻ ഷെറിനെ അനുസ്മരിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യ സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്.

ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.

Similar News