ജോണി വാക്കറിലെ കുട്ടപ്പായി ; ഇപ്പോൾഡാൻസ് മാസ്റ്ററായി ജപ്പാനിൽ

By :  Devina Das
Update: 2026-02-13 10:07 GMT

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജോണി വാക്കർ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജോണി എന്ന കഥാപാത്രത്തിന്റെ സഹായി ആയിരുന്ന കുട്ടപ്പായിയെ മലയാളികൾ പെട്ടന്നങ്ങനെ മറക്കാൻ ഇടയില്ല. തമിഴ്നാട് സ്വദേശിയായ നീലകണ്ഠൻ ആയിരുന്നു കുട്ടപ്പായി ആയെത്തി മലയാളികളുടെ മനം കവർന്നത്. മമ്മൂട്ടിയെ തപ്പി കോളജിലേക്ക് കടന്നു വരുന്ന കുട്ടപ്പായിയുടെ സീൻ അടുത്തിടെയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

നീലകണ്ഠന്റെ വാക്കുകൾ...

എല്ലാവർക്കും നമസ്കാരം, എന്റെ പേര് നീലകണ്ഠൻ, നിങ്ങളുടെ കുട്ടപ്പായി. ജോണി വാക്കറിന്റെ സംവിധായകൻ ജയരാജ് സാറിന്റെ ഒരു അഭിമുഖം കണ്ടിരുന്നു. അദ്ദേഹം അതിൽ കുട്ടപ്പായിയെക്കുറിച്ച് പറഞ്ഞിരുന്നു. അതുകേട്ടപ്പേൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാനിപ്പോൾ ജപ്പാനിൽ ആണ്. 26 വർഷമായി ജപ്പാനിൽ വന്നിട്ട്. ജാപ്പനീസുകാരിയായ ഒരു യുവതിയെ വിവാഹം കഴി‍ച്ച് ഞാനിവിടെ സ്ഥിരതാമസമാണ്.

ജപ്പാനിൽ ഞാനൊരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. അതുകൂടാതെ അവിടെ സിനിമ, ടെലിവിഷൻ ഷോകൾ, ആൽബവുമെല്ലാം ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. രണ്ടാഴ്ചത്തെ അവധിക്ക് വന്നതാണ്. അപ്പോഴാണ് ജയരാജ് സാറിന്റെ അഭിമുഖം കണ്ടത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി അതു കണ്ടപ്പോൾ.കുട്ടപ്പായി എന്ന കഥാപാത്രത്തെക്കുറിച്ച് ഇത്രയധികം ആളുകൾ സംസാരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എല്ലാവർക്കും നന്ദി. മമ്മൂട്ടി സാർ, ജയരാജ് സാർ സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും വളരെ നന്ദി. ജോണിവാക്കർ 2 ചെയ്യുമ്പോൾ തീർച്ചയായും എന്നെ വിളിക്കണം. കുട്ടപ്പായി റെഡിയായി ഇരിക്കുകയാണ്. നന്ദി.- നീലകണ്ഠൻ പറഞ്ഞു.

Similar News