''ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ, എല്ലാവരും മാറൂ... വഴികൊടുക്കൂ. നോ ഫോട്ടോസ്..,സഞ്ജുവിന് വഴിയൊരുക്കി സൂര്യകുമാര്‍ യാദവ്

By :  Devina Das
Update: 2026-01-30 08:28 GMT

തിരുവനന്തപുരം: ട്വന്റി 20 പോരാട്ടത്തിന്റെ ആവേശമുയർത്തി ഇന്ത്യ-ന്യൂസിലന്റ് ടീമുകൾ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. സഞ്ജു സാംസൺ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വഴിയൊരുക്കിയത് ചിരി പടർത്തി.''ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ, എല്ലാവരും മാറൂ... വഴികൊടുക്കൂ. നോ ഫോട്ടോസ്..ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലാൻഡ് ചെയ്തിരിക്കുന്നു''. എന്നാണ് സൂര്യകുമാർ യാദവ് പറയുന്നത്.

സ്വന്തം നാട്ടിൽ എത്തുമ്പോൾ എന്താണ് മാനസികാവസ്ഥയെന്ന് സൂര്യകുമാർ യാദവ് ചോദിക്കുമ്പോൾ എല്ലാ സമയത്തും നല്ല അനുഭവമാണെന്നും എന്നാൽ ഇത്തവണത്തേത് സ്‌പെഷ്യൽ ആണെന്നും സഞ്ജു മറുപടി പറയുന്നുണ്ട്.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകൾക്കും വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സഞ്ജു സാംസൺ എത്തിയപ്പോൾ ആരാധകർ ആവേശകൊടുമുടിയിലെത്തി.പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് ഇരുടീമിലേയും താരങ്ങളും പരിശീലകരും എത്തിയത്. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്.

കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേയ്ക്ക എത്തിച്ചത്. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലന്റ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Similar News