'ആലിൻ'... നീ എനിക്കൊരു കുഞ്ഞു മാലാഖയാണ് .. മീനാക്ഷി അനൂപ്

By :  Devina Das
Update: 2026-02-16 09:27 GMT

അവയവദാനമെന്ന മഹത്തായ സന്ദേശം നൽകി വിട്ടുപിരിഞ്ഞ ആലിൻ എന്ന പത്ത് മാസം പ്രായമുള്ള കുട്ടിയെ അനുസ്മരിച്ച് നടി മീനാക്ഷി അനൂപ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു മീനാക്ഷി വൈകാരികമയ കുറിപ്പ് പങ്കുവച്ചത്. കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത്. എനിക്ക് നീ 'ദൈവത്തിരുമകൾ' എന്നാണ് മീനാക്ഷി കുറിച്ചത്. അതോടൊപ്പം ആലിന്റെ മാതാപിതാക്കളെ നേരിൽ കാണണമെന്ന ആ​ഗ്രഹത്തെക്കുറിച്ചും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം നടൻ മോഹൻലാലും ആലിന് അനുശോചനം രേഖപ്പെടുത്തിയിരുന്നു. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയിട്ടാണ് ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നത്.

മീനാക്ഷിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

'ആലിൻ'... നീ എനിക്കൊരു കുഞ്ഞു മാലാഖയാണ് .. എന്തോ നീ എപ്പോഴും എൻ്റെ മനസ്സിലങ്ങനെ വന്നു നില്ക്കുകയാണ് ... നീ ഈ ഭൂമിയിൽ ഇപ്പോഴില്ല എന്ന യഥാർത്ഥ്യം.. എന്നെ ഇനി എപ്പോഴും വിഷമിപ്പിക്കും എന്നതും യാഥാർത്ഥ്യം തന്നെയെന്നും ഞാനറിയുന്നു... എനിക്കറിയാത്ത ഏതോ ഒരു സ്ഥലത്ത് ജനിച്ച കുഞ്ഞി മാലാഖേ നീയെനിക്ക് ഏറെ പ്രിയപ്പെട്ടവളാകുന്നു...

കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത് ... എനിക്ക് നീ 'ദൈവത്തിരുമകൾ'... ഈ കരൾ പിളരും നേരത്ത് കുഞ്ഞുമോളെ നിൻ്റെ അച്ഛനേയും അമ്മയേയും ഞാൻ അത്ഭുതത്തോടെ... അതിശയത്തോടെ ... സർവ്വാദരവോടും .. കൂടി ... ഈ സമൂഹത്തിന് വേണ്ടി ഹൃദയം തൊട്ട് നന്ദി പറയുന്നു ..സത്യമായും എനിക്ക് ഒരിക്കൽ നിങ്ങളെ നേരിൽ കാണണമെന്നുമുണ്ട് ... അത് പക്ഷെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സങ്കടമാവും എനിക്ക് സമ്മാനിക്കുക എന്നതും എന്നെ ഭയപ്പെടുത്തുന്നുണ്ട് .. കുഞ്ഞ് അലിൻ മോളെ .. അവയവദാനം എന്ന മഹത്തായ ഒന്നിൻ്റെ മുഖമാണിപ്പോൾ നിനക്ക് ... അതെന്നുമായിരിക്കും... അത് ഒരു പക്ഷെ ഈ കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞു മുഖമായിരിക്കും ...

Similar News