60-ാം വയസില്‍ ആമിര്‍ ഖാന്‍ ലിവിങ് ടുഗദറിലേക്ക്
കഴിഞ്ഞ വർഷം, തന്റെ 60-ാം പിറന്നാളിനാണ് ആമിർ ഖാൻ കാമുകി ഗൗരി സ്പ്രാറ്റിനെ പരിചയപ്പെടുത്തുന്നത്. ഇരുവരും പ്രണയത്തിലായിട്ട് അപ്പോഴേക്കും 18 മാസമായിരുന്നു. പിന്നീട് പലവേദികളിലും ഇരുവരും ഒരുമിച്ചെത്തി. ആമിർ ഖാന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് ഗൗരിയ്ക്കുള്ളത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ആമിറും ഗൗരിയും.
പുതിയ വീടെടുത്ത്, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആമിർ ഖാനും കാമുകിയും എന്നാണ് റിപ്പോർട്ടുകൾ. ആമിറിന്റെ കുടുംബ വീടിനോട് ചേർന്നു തന്നെയാണ് പുതിയ വീടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് ആമിർ ഖാൻ സംസാരിക്കുന്നുണ്ട്.''ഞാൻ നിർമിക്കുന്ന ഹാപ്പി പട്ടേലിന്റെ റിലീസിനിടെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഗൗരിയും ഞാനും ഞങ്ങളുടെ കാര്യത്തിൽ വളരെ സീരിയസാണ്.
ഇപ്പോൾ തന്നെ പരസ്പരം കമ്മിറ്റഡ് ആണ്. ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ ഒരുമിച്ചാണ്. കല്യാണം മറ്റൊന്നാണ്. എന്റെ ഹൃദയത്തിൽ ഞാൻ ഗൗരിയെ വിവാഹം കഴിച്ചു കഴിഞ്ഞു. അത് ഔദ്യോഗികമാക്കണോ വേണ്ടയോ എന്നത് വേറെ കാര്യം. മുന്നോട്ട് പോകവെ തീരുമാനിക്കാം'' എന്നാണ് ആമിർ ഖാൻ പറഞ്ഞത്.കിരൺ റാവുവുമായി പിരിഞ്ഞ ശേഷമാണ് ആമിർ ഖാൻ ഗൗരിയുമായി പ്രണയത്തിലാകുന്നത്.
ഇരുവരും 25 വർഷമായി സുഹൃത്തുക്കളാണെങ്കിലും കണ്ടിട്ട് വർഷങ്ങളായിരുന്നു. രണ്ട് വർഷം മുമ്പ് വീണ്ടും കണ്ടുമുട്ടി. അധികം വൈകാതെ പ്രണയത്തിലുമായി. ഒന്നരവർഷം എല്ലാം രഹസ്യമാക്കി വച്ചിരുന്ന താരം തന്റെ ജന്മദിനത്തിൽ ഗൗരിയെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു.