23 വർഷത്തെ ദാമ്പത്യം ,കാലം ശക്തമാക്കിയ ഈ ബന്ധത്തിന് നന്ദി ;വിവാഹ വാർഷിക സന്തോഷം പങ്കുവെച്ച് പ്രകാശ് വർമ്മ
'തുടരും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഹൃദയം കവർന്ന നടനാണ് പ്രകാശ് വർമ. ചിത്രത്തിലെ ജോർജ് സാർ എന്ന ഒരൊറ്റ കഥാപാത്രം മതി എക്കാലവും പ്രകാശ് വർമയെ മലയാളികൾക്ക് ഓർത്തുവയ്ക്കാൻ. ഇപ്പോഴിതാ ഇരുപത്തിമൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പ്രകാശ് വർമ. ഭാര്യ സ്നേഹ ഐപ്പിനൊപ്പമുള്ള ചിത്രങ്ങളടങ്ങിയ വിഡിയോയ്ക്കൊപ്പമാണ് പ്രകാശ് പോസ്റ്റ് പങ്കുവച്ചത്.
‘23 വർഷത്തെ ദാമ്പത്യം. 25 വർഷമായി ബിസിനസ് പങ്കാളികൾ. 29 വർഷമായി സുഹൃത്തുക്കൾ. 20 വർഷമായി മാതാപിതാക്കളും. കാലം ശക്തമാക്കിയ ഈ ബന്ധത്തിന് നന്ദി!’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. വിവാഹം മുതൽ സ്നേഹക്കൊപ്പമുള്ള നിരവധി പഴയ ചിത്രങ്ങൾ വിഡിയോയിൽ കാണാം. സെലിബ്രിറ്റികളടക്കം നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.
‘പൂക്കീസ്’ എന്നാണ് സംവിധായകൻ തരുൺ മൂർത്തി പോസ്റ്റിന് കമന്റ് ചെയ്തത്. സൗബിൻ ഷാഹിർ, മനോജ് കെ ജയൻ, വിനയ് ഫോർട്ട്, ജിസ് ജോയ് തുടങ്ങി നിരവധിപ്പേരാണ് ആശംസ അറിയിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് താരമിപ്പോൾ.