2025 നേട്ടങ്ങള്‍ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വർഷം ;വര്‍ഷ രമേശ്
നടിയായും അവതാരകയായുമെല്ലാം മലയാളികൾക്ക് പരിചിതയാണ് വർഷ രമേശ്. സോഷ്യൽ മീഡിയ താരമായ വർഷയെ എല്ലാവരുമറിയുന്നത് വെറും വർഷ എന്ന പേരിലായിരിക്കും.
റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള വർഷയുടെ പുതിയ വിഡിയോ പക്ഷെ വേദനിപ്പിക്കുന്നതാണ്.
തന്റെ 2025 നെക്കുറിച്ചാണ് വർഷ വിഡിയോയിൽ സംസാരിക്കുന്നത്.
2025 തനിക്ക് നേട്ടങ്ങൾ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വർഷമാണെന്നാണ് വർഷ പറയുന്നത്.
റിലേഷൻഷിപ്പ് തകരുകയും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്ത വർഷമാണ് 2025 എന്നാണ് വർഷ പറയുന്നത്.
''2025 വേറെ തന്നൊരു വർഷമായിരുന്നു. ഞാൻ സ്വന്തമായൊരു ബിഎംഡബ്ല്യു വാങ്ങിയ വർഷമാണ്.
അതേ വർഷം തന്നെ എന്റെ റിലേഷൻഷിപ്പ് പൊട്ടിപ്പാളീസായി തിരികെ പൂജ്യത്തിൽ വന്ന് നിന്നു. മലയാളത്തിലെ ഏറ്റവും ടോപ് റിയാലിറ്റി ഷോയിൽ വീണ്ടും അവതാരകയായ വർഷമാണ്. ഇതേ വർഷം തന്നെയാണ് എന്റെ ജീവിതത്തിൽ ആദ്യമായി ആങ്സൈറ്റിയ്ക്കും പാൽപ്പറ്റേഷനും പാനിക് അറ്റാക്കിനും മറ്റ് പല മാനസിക പ്രശ്‌നങ്ങൾക്കുമുള്ള മരുന്നുകൾ ഞാൻ കഴിച്ച് തുടങ്ങുന്നതും'' താരം പറയുന്നു.''അത്യാവശ്യം നന്നായി സമ്പാദിച്ച വർഷമാണ്.
പക്ഷെ എന്റേതല്ലാത്ത കാരണത്താൽ, എന്റെ തെറ്റ് കൊണ്ടല്ലാതെ പൈസ നഷ്ടപ്പെട്ട, ചതിക്കപ്പെട്ട വർഷം കൂടിയാണ്.
ഞാൻ എന്നെ പൊതുവെ മറ്റാരുമായി താരതമ്യം ചെയ്യാറില്ല. ഈ വർഷം പക്ഷെ മറ്റ് പലരുമായി താരതമ്യം ചെയ്ത് പണ്ടാരമടങ്ങി.
ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിച്ച വർഷമാണ്.
നാലഞ്ച് രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. ഇതൊക്കെ വാങ്ങിയിട്ടും, ഇത്രയും സ്ഥലങ്ങളിലൊക്കെ പോയിട്ടും തിരികെ വന്നപ്പോൾ എന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
ഞാൻ ഒറ്റയ്ക്കായ വർഷമാണിത്.'' വർഷ പറയുന്നു.
''ഇത്രയ്ക്ക് ഒറ്റയ്ക്കാകാനും ഇൻഡിപെൻഡന്റ് ആകാനും സ്‌ട്രോങ് ആകാനും സത്യം പറഞ്ഞാൽ എനിക്ക് ആഗ്രഹമില്ല. പക്ഷെ ഞാൻ ഇതൊക്കെ ആയി.
രാത്രി ആകാൻ ഞാൻ കാത്തിരിക്കും.
കാരണം എനിക്ക് വേഗം ഉറങ്ങണം. എഴുന്നേറ്റ് കഴിഞ്ഞാൽ അപ്പോൾ തുടങ്ങും നെഗറ്റീവ് ചിന്തകളും വിഷമവും. മാനസികമായി കടുത്ത സമ്മർദ്ധത്തിലാകും. ഉറങ്ങാൻ ഞാൻ കൊതിച്ച വർഷമാണ് 2025''.
മുന്നോട്ട് ഓടുന്നവർക്കേ മാറ്റങ്ങളുണ്ടാകൂ.
ചായാൻ ഒരു തണലുണ്ടാകുമ്പോൾ നമുക്ക് ഷീണമുണ്ടാകും. പക്ഷെ എനിക്ക് തണലില്ല. അതിനാൽ ഷീണമുണ്ടെങ്കിലും മുന്നോട്ട് പോയേ പറ്റൂ.
നിങ്ങളുടെ പിന്തുണ വളരെ വലുതാണ്. ഒരുപാട് നന്ദി. എന്റെ കണ്ണ് തുറപ്പിച്ച വർഷമാണ്.
മറ്റുള്ളവരുടെ ഫോട്ടോസും സ്‌റ്റോറികളും കണ്ട് അവരുടെ ജീവിതമൊക്കെ എന്തൊരു ജീവിതമാണ്, എന്റെ ജീവിതം എന്ത് ഡാർക്ക് ആണെന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നവർക്ക് വേണ്ടിയാണ് ഈ വീഡിയോ എന്നും വർഷ പറയുന്നു.