ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്തുവീണ് തമിഴ് നടൻ വിജയ്
തന്റെ പുതിയ സിനിമയായ ജനനായകന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് ചെന്നൈയിൽ എത്തിയ തമിഴ് നടൻ വിജയ്ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണു .
താരത്തെ കാണാനായി എയർപോർട്ടിൽ ആരാധകരുടെ വലിയ കൂട്ടം തന്നെ തടിച്ചു കൂടിയിരുന്നു.
ആരാധകർ താരത്തെ കാണാനായി ബഹളം വെച്ചതോടെയുണ്ടായ തിരക്കിലാണ് വിജയ് വീണത്.
വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന താരത്തെ കാണാനായി ആരാധകർ തടിച്ചു കൂടിയിരുന്നു.
ഇവർക്കിടയിലൂടെ ഏറെ പാടുപെട്ടാണ് വിജയ് കാറിന് അരികിലെത്തിയത്.
കാറിന് അരികിലെത്തിയപ്പോൾ നിലത്തു വീണ വിജയിയെ താരത്തിന്റെ അംഗരക്ഷകർ ചേർന്ന് പിടിച്ചെഴുന്നേൽപ്പിക്കുകയും കാറിലേക്ക് കയറ്റുകയുമായിരുന്നു.
ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
അതേസമയം വിജയ്ക്ക് പിന്നാലെ എത്തിയ മമിത ബൈജുവിനെ കാണാനും ആരാധകർ പാഞ്ഞെത്തിയിരുന്നു.
ഇവരെ കണ്ട് ഭയന്ന് മമിത പിന്മാറി.
മറ്റൊരു വഴിയിലൂടെയാണ് മമിത പോയത്.
വിജയ് തന്റെ സിനിമാ ജീവിതത്തിന് വിരാമമിട്ട് പൂർണമായും രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണ്.
അതിന് മുമ്പായി ഇറങ്ങുന്ന വിജയ് ചിത്രമാണ് ജനനായകൻ.
കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാംലംപൂരിൽ വച്ചായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്.
പരിപാടിക്കിടെ താൻ അഭിനയം നിർത്തുകയാണെന്ന് വിജയ് പറഞ്ഞിരുന്നു.
75000 പേർ പങ്കെടുത്ത പരിപാടിയിലായിരുന്നു ജനനായകന്റെ ഓഡിയോ ലോഞ്ച് നടന്നത്.
വിജയ്‌ക്കൊപ്പം ചിത്രത്തിൽ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക.
ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലൻ. ചിത്രം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും.