പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍;ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ

By :  Devina Das
Update: 2026-05-02 10:55 GMT

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയിൽ വൻ വർധന വരുത്തി എണ്ണക്കമ്പനികൾ. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഒറ്റയടിക്ക് ആയിരം രൂപയ്ക്ക് അടുത്താണ് വില വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടർ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂർവമാണ്.

ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വലിയ തോതിൽ കൂട്ടിയത് ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റിക്കും. പ്രവർത്തനച്ചെലവ് കുത്തനെ കൂടുന്നതിനാൽ, ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇടയാക്കിയേക്കും. ഇത് സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കും.ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ , മാർച്ച് 1ന് 28-31 രൂപ, മാർച്ച് 7ന് 115 രൂപ എന്നിങ്ങനെയും വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന്, എൽപിജി വിതരണത്തിലെ നിയന്ത്രണം ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടുന്നതിന് കാരണമായിരുന്നു. അതിനിടെയാണ് ഇടിത്തീയായി വലിയ തോതിലുള്ള വില വർധനയും ഉണ്ടായിരിക്കുന്നത്.

Similar News