ദി റിയൽ കേരള സ്റ്റോറി ; കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് കേരളമണ്ണിൽ വിവാഹം
തിരുവനന്തപുരം: പ്രണയം വീട്ടുകാർ എതിർത്തതോടെ നാട് വിട്ട് സംസ്ഥാനത്തെത്തിയ കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെയ്ക്ക് കേരള മണ്ണിൽ വിവാഹം. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് കാമുകൻ മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാൻ മൊണാലിസയുടെ കഴുത്തിൽ താലികെട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
തമ്പാനൂർ പൊലീസ് ഇടപെട്ടതിനെ തുടർന്ന് സ്‌നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിക്കുകയായിരുന്നു. ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. 'യഥാർഥ കേരള സ്‌റ്റോറി എന്നത് ഈ കല്യാണമാണ്. കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നിൽ എല്ലാവർക്കും മതേതരത്വത്തിനും മനുഷ്യ സ്‌നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേർ സമ്മർദ്ദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വർഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണ്'- വി ശിവൻകുട്ടി പറഞ്ഞു.മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ ഫർമാൻ ഖാനുമായി ഇവർ പ്രണയത്തിലുമായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.
പതിനെട്ട് വയസ് പൂർത്തിയായതിനാൽ യുവതിക്ക് അവർക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീർപ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമത്തിലൂടെ ശ്രദ്ധേയയായ മൊണാലിസ ഭോസ്ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്.പ്രയാഗ്രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകൾ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാൻ ആളുകളുടെ ബഹളവുമായപ്പോൾ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തുകയായിരുന്നു.