അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഹിന്ദി, ഉറുദു ഭാഷകളിൽ ഖുത്ബ ;വ്യത്യസ്തം എടവണ്ണ പള്ളി
മലപ്പുറം: എടവണ്ണ പള്ളി(ജമലങ്ങാടി പള്ളി)യിൽ കഴിഞ്ഞ വെള്ളിയാഴ്ച നിസ്‌കാരം സാധാരണയിൽ നിന്ന് വ്യത്യസ്തമായിരുന്നു. 200ഓളം അതിഥി തൊഴിലാളികൾക്ക് വേണ്ടി ഹിന്ദി, ഉറുദു ഭാഷകളിലാണ് ഖുത്ബ ചൊല്ലിയത്. എടവണ്ണ മഹൽ കമ്മിറ്റി പഴയ പള്ളി പുതുക്കിപ്പണിത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൈമാറിയതിനെത്തുടർന്നാണ് ഈ മാറ്റം വന്നത്. വർഷങ്ങളായി പ്രദേശത്തെ പല കുടിയേറ്റ തൊഴിലാളികൾക്കും ജുമുഅയ്ക്ക് മുമ്പുള്ള മലയാളം ഖുത്ബ മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടർന്ന് ഇവർ ഖുത്ബയിൽ പങ്കെടുക്കുന്നത് നിർത്തി.
ഇതര സംസ്ഥാനക്കാരുടെ ആശങ്ക മനസിലാക്കിയ മഹല്ല് കമ്മിറ്റി പള്ളി പുതുക്കിപ്പണിത് അവർക്ക് കൈമാറുകയായിരുന്നു. എല്ലാ സജ്ജീകരങ്ങളും തയ്യാറാക്കിയാണ് പള്ളി കൈമാറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യത്തെ ഉറുദു ഖുത്ബ നടത്തിയത്.നേരത്തെ നിരവധി ഇതര സംസ്ഥാന മുസ്ലീം തൊഴിലാളികൾ പള്ളിയിൽ പ്രാർഥനയ്ക്ക് വരുമായിരുന്നുവെന്നും എന്നാൽ ജുമുഅയിൽ പങ്കെടുക്കില്ലായിരുന്നുവെന്നും മഹല്ല് കമ്മിറ്റി അംഗം അബ്ദുൽ റിഹൂബ് പറഞ്ഞു.
പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് മലയാളത്തിൽ നടത്തുന്ന ഖുത്ബ മനസിലാക്കാൻ ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞത്. തുടർന്ന് വിഷയം കമ്മിറ്റിയിൽ അവതരിപ്പിച്ചു. അങ്ങനെയാണ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ജുമുഅ നടത്തുന്നതിനായി പള്ളി തന്നെ നൽകാൻ തീരുമാനിച്ചത്.
എടവണ്ണയിലെ ജാമിയ നദ്‌വിയ്യ അറബിക് കോളജിൽ നിന്ന് ഹിന്ദിയിലും ഉറുദുവിലും പ്രാവീണ്യമുള്ള ഒരു അധ്യാപകനെ ഖത്തീബ്( പ്രഭാഷണം നടത്തുന്ന വ്യക്തി) ആയി നിയമിക്കുകയും ചെയ്തു. പ്രഭാഷണത്തിന്റെ ആത്മീയ സന്ദേശം ആരാധകർക്ക് നന്നായി മനസിലാക്കാൻ സഹാക്കുകയാണ് ഉദ്ദേശമെന്ന് റിഹൂഫ് പറഞ്ഞു. നിലവിൽ വെള്ളിയാഴ്ച പ്രാർഥനകൾക്ക് മാത്രമേ ഈ ക്രമീകരണമുള്ളൂ. മറ്റ് സമയങ്ങളിൽ പതിവ് പ്രാർഥനകൾക്കായി എല്ലാ വിശ്വാസികൾക്കുമായി പള്ളി തുറന്നിരിക്കും