അച്ഛന്റെ ആഗ്രഹം മകളിലൂടെ യാഥാർഥ്യമായി ;കലാഭവൻ മണിയുടെ ഓർമ്മദിനത്തിൽ സന്തോഷ വാര്‍ത്ത പങ്കിട്ട് സഹോദരന്‍
മലയാളികൾ ഒരിക്കലും മറക്കില്ല കലാഭവൻ മണിയെ. അദ്ദേഹത്തിന്റെ ഓർമകൾക്ക് ഇന്ന് പത്ത് വർഷമാവുകയാണ്. പത്ത് വർഷങ്ങൾക്കിപ്പുറവും മലയാളി ജീവിതത്തിന്റെ ഭാഗമായി തന്നെ തുടരുകയാണ് കലാഭവൻ മണി. ബാക്കി വച്ചു പോയ സിനിമകളിലൂടേയും പാട്ടുകളിലൂടേയും ഇപ്പോഴും മണി മലയാളിയ്‌ക്കൊപ്പം ജീവിക്കുന്നു. മണി ഓർമയായി പത്ത് വർഷമാകുമ്പോൾ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്തയും വരികയാണ്.
മണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകൾ ശ്രീലക്ഷ്മിയെ ഡോക്ടറാക്കുകയെന്നത്. അച്ഛൻ ഒപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മകൾ. മണിയുടെ സഹോദരനായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനാണ് മണിയുടെ മകൾ ഡോക്ടറായ വിവരം പങ്കുവെക്കുന്നത്.
''ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടറായി.മകളെ പാവപ്പെട്ടവരുടെ ഡോക്ടറാക്കണം എന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്കും വളർന്നു വരാനുള്ള വലിയൊരു സാഹചര്യം ചേട്ടൻ ഒരുക്കിയിരുന്നു. ഡോക്ടറേറ്റ് കിട്ടി. കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി കിട്ടി. ഇതൊക്കെ നമ്മൾ അദ്ദേഹത്തെ മനസിൽ സൂക്ഷിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ചിന്തകളും മനസിൽ സൂക്ഷിച്ച് ഒട്ടും പതറാതെ മുന്നോട്ട് പോയിരുന്നു. മനസ് പതറിയിരുന്നു. പക്ഷെ അതിനെയൊക്കെ നിയന്ത്രിച്ച് ചേട്ടന്റെ ആഗ്രഹം പോലെ മുന്നോട്ട് പോവുകയായിരുന്നു.
അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം യാത്ര ചെയ്യുകയാണ് ഞങ്ങൾ'' എന്നാണ് ആർഎൽവി രാമകൃഷ്ണൻ പറയുന്നത്.എറണാകുളം ശ്രീനാരായണ കോളജ് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥിയായിരുന്നു ശ്രീലക്ഷ്മി. ഇപ്പോൾ അമ്മ നിമ്മിയോടൊപ്പം ചാലക്കുടിയിലെ മണിക്കൂടാരത്തിലുണ്ട് ശ്രീലക്ഷ്മി. മകളെ ഡോക്ടറാക്കണമെന്നും പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ നൽകുന്ന ആശുപത്രി തുടങ്ങണമെന്നുമുള്ള തന്റെ ആഗ്രഹം മണി പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ് മകൾ.