ഓസ്കര്‍ വേദിയില്‍ പുതുചരിത്രമെഴുതി ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോ
ഓസ്കർ വേദിയിൽ പുതുചരിത്രമെഴുതി ഓട്ടം ഡ്യുറൾഡ് അർക്കപോ. ചരിത്രത്തിൽ ആദ്യമായി ഛായാഗ്രഹണത്തിനുള്ള ഓസ്‌കർ നേടുന്ന വനതിയെന്ന നേട്ടമാണ് അർക്കപോ സ്വന്തമാക്കിയിരിക്കുന്നത്. 98-ാമത് ഓസ്‌കർ വേദി വരെ വേണ്ടി വന്നു, ഈ നേട്ടം ഒരു സ്ത്രീയുടെ കൈകളിലേക്ക് എത്താനായി. ഫിലിപ്പിനോ-ആഫ്രിക്കൻ അമേരിക്കൻ വംശജയായ അർക്കപോ സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഓസ്‌കർ നേട്ടത്തിലെത്തിയത്.റയാൻ കൂഗ്ലർ ഒരുക്കിയ സിന്നേഴ്‌സിലെ അർക്കപോയുടെ ഛായാഗ്രഹണ മികവ് സമാനതകളില്ലാത്തതായിരുന്നു. ചരിത്രത്തിന് ആ പ്രതിഭയ്ക്ക് മുന്നിൽ ഓസ്കറിന് തലകുനിക്കാതെ തരമില്ലായിരുന്നു. ഡാൻ ലൗസ്റ്റ്‌സെൻ (ഫ്രാങ്കൻസ്റ്റൈൻ ), മിഷേൽ ബൗമൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ ), അഡോൾഫോ വെലോസോ (ട്രെയിൻ ഡ്രീംസ്) എന്നിവരുമായി മത്സരിച്ചാണ് അർക്കപോ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കർ നേടുന്ന ആദ്യ സ്ത്രീയ്‌ക്കൊപ്പം ആദ്യ ആഫ്രിക്കൻ അമേരിക്കൻ സ്ത്രീ കൂടിയാണ് അർക്കപോ.ഓസ്‌കറിന്റെ ചരിത്രത്തിൽ നാളിതുവരെ മൂന്ന് സ്ത്രീകൾ മാത്രമാണ് മികച്ച ഛായാഗ്രഹണത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ.
2018 ൽ മഡ്ബൗണ്ടിലൂടെ റേച്ചൽ മോറിസണും 2021 ൽ ദ പവർ ഓഫ് ദ ഡോഗിലൂടെ അരി വെഗ്നെറും 2022 ൽ എൽവിസിലൂടെ മാൻഡി വാക്കറും. സദസിലുണ്ടായിരുന്ന എല്ലാ സ്ത്രീകളേയും ആദരിച്ചു കൊണ്ടാണ് അർക്കപോ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 'ഈ മുറിയിലെ എല്ലാ സ്ത്രീകളും എനിക്കൊപ്പം എഴുന്നേറ്റ് നിന്ന് ഈ പുരസ്‌കാരം സ്വീകരിക്കണം. നിങ്ങളില്ലാതെ എനിക്ക് ഇവിടെ വരെ എത്താനാകില്ലായിരുന്നു' എന്നാണ് അർക്കപോ പറഞ്ഞത്.അർക്കപോയുടെ ഈ നേട്ടത്തിന് പിന്നിൽ മറ്റൊരു ചരിത്രം കൂടിയുണ്ട്. ഐമാക്‌സ് 65 എംഎമ്മിലും അൾട്രാ പാൻവിഷനിലും ചിത്രീകരിക്കുന്ന ആദ്യ വനിത ഛായാഗ്രഹകയെന്ന നേട്ടവും സിന്നേഴ്‌സിലൂടെ അർക്കപോ നേടിയിരുന്നു. സിന്നേഴ്‌സിന് മുമ്പായി അർക്കപോയും റയാൻ കൂഗ്ലറും ബ്ലാക്ക് പാന്തർ: വക്കാന്ത ഫോറെവറിലും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 2013 ൽ പാലോ ആൾട്ടോ എന്ന ചിത്രത്തിലൂടെയാണ് അർക്കപോ ഛായാഗ്രാഹകയാകുന്നത്. പിന്നീട് ബ്ലാക്ക് പാന്തറും ദ ലാസ്റ്റ് ഷോഗേളും അടക്കമുള്ള സിനിമകളും ലോക്കി സീരിസുമെല്ലാം ചെയ്ത് ലോക പ്രശസ്തയായി മാറുകയായിരുന്നു.
''വലിയ ഫോർമാറ്റിൽ കൂടുതൽ വനതികൾക്ക് പ്രവർത്തിക്കാൻ കഴിയുമ്പോൾ അത് ഒരുപക്ഷെ അവിടെയെത്താൻ കഴിയില്ലെന്ന് കരുതുന്ന യുവതികൾക്ക് പ്രചോദനമായേക്കും'' എന്നാണ് തന്റെ നേട്ടത്തെക്കുറിച്ച് അർക്കപോ പറഞ്ഞത്.