ഉജ്ജ്വല സ്വീകരണത്തിന് പിന്നാലെ സഞ്ജുവിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

By :  Devina Das
Update: 2026-03-10 06:36 GMT

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ സഞ്ജു സാംസണിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചു. ടൂർണമെന്റിൽ സഞ്ജു നടത്തിയ പ്രകടനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സഞ്ജുവിനെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.നിരവധി ആരാധകരാണ് താരത്തെ കാണാനായി എയർപോർട്ടിൽ തടിച്ചു കൂടിയത്. സഞ്ജു എയർപോർട്ടിന് പുറത്ത് എത്തിയതോടെ ആരാധകരുടെ ആവേശവും അതിരുവിട്ടു. ചേട്ടാ,ചേട്ടാ വിളികളോടെയാണ് താരത്തെ ആരാധകർ സ്വീകരിച്ചത്. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ താരം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സഞ്ജു സാംസണിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് ഔദ്യോഗികമായി സ്വീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.മുൻപ്, സഞ്ജുവിനെ പ്രശംസിച്ചു മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്ക് വെച്ചിരുന്നു. ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിർണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. ലോകചാംപ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നെന്നും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Similar News