വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്
ചെന്നൈ: വിവാഹമോചന വാർത്തകളോട് പരോക്ഷമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒറ്റയ്ക്ക് നേരിട്ടോളാമെന്നാണ് ആരാധകരോട് പറഞ്ഞത്. ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. ഭാര്യ സംഗീത സ്വർണലിംഗം ഫയൽ ചെയ്ത വിവാഹ മോചന ഹർജി തമിഴ് സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനിടെയാണ് പ്രതികരണം.'ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കും.
അതിലൊന്നും വിഷമിക്കരുത്, അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്', വിജയ് പറഞ്ഞു.വിവാഹമോചന കേസിൽ ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച പുതിയ ഹർജിയുടെ വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിജയ്യുടെ പ്രതികരണം. വിവാഹമോചന ഹർജിയിൽ തീരുമാനമാകുന്നതുവരെ ഭർതൃഗൃഹത്തിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹർജി. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത, വിവാഹമോചനം തേടി ചെങ്കൽപേട്ട് കോടതിയെ സമീപിച്ചത്.