കേരളത്തിന്റെ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഗായിക അഞ്ജു ജോസഫ്
കേരളത്തിന്റെ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഗായിക അഞ്ജു ജോസഫ്. കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ മുന്നിലാണെന്നാണ് അഞ്ജു പറയുന്നത്. വിദേശ രാജ്യത്ത് വച്ചുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. പത്തനംതിട്ടയിൽ നടന്ന ആരോഗ്യ-കലാ മേളയിൽ സംഗീത പരിപാടി അവതരിപ്പിക്കവെയാണ് അഞ്ജുവിന്റെ പ്രതികരണം.''ഞാൻ യുകെയിൽ പോയപ്പോൾ ഭർത്താവിന് ചെവിവേദനയുണ്ടായി. തുടർന്ന് അവിടെയുള്ള സർക്കാർ ആശുപത്രിയിൽ വിളിച്ചപ്പോൾ അവർ അറിയിച്ചത് എഴുന്നേറ്റ് നടക്കാനാകുമെങ്കിൽ നിങ്ങൾ മൂന്ന് മാസം കാത്തിരിക്കണം എന്നാണ്.
അതിനെയൊക്കെ വച്ച് നോക്കുമ്പോൾ നമ്മൾ ഒരുപാട് മുന്നിലാണ് ഇന്ന് നിൽക്കുന്നത്. ജീവിതത്തിൽ ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചു'' എന്നാണ് അഞ്ജു ജോസഫ് പറയുന്നത്.കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ മുന്നിലാണെന്നും ഒന്ന് വയ്യാതായാൽ അപ്പോൾ തന്നെ ഇവിടെ ചികിത്സ ലഭിക്കുമെന്നും താരം പറയുന്നു. ആരോഗ്യമന്ത്രി വീണാ ജോർജും പരിപാടിയിൽ പങ്കെടുത്തിരുന്നു. മന്ത്രിക്കെതിരായ ആക്രമണത്തിൽ അപലപിക്കുന്നുമുണ്ട് അഞ്ജു ജോസഫ്.ഇത്തരത്തിലൊരു ആക്രമണമുണ്ടായത് കണ്ടപ്പോൾ ഒരുപാട് വിഷമമുണ്ടായി. കുറച്ചുകൂടി മനുഷ്യത്വപരമായി നമുക്ക് സഹജീവികളോട് പെരുമാറണമെന്നും അഞ്ജു ജോസഫ് പറയുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന ഗായികയാണ് അഞ്ജു ജോസഫ്. അഭിനേത്രിയായും കയ്യടി നേടിയിട്ടുണ്ട്.