വിവാഹേതരബന്ധമറിഞ്ഞിട്ടും അവൾ എന്നെ ഇട്ടിട്ട്പോയില്ല ;ഭാര്യയെന്ന തിരിച്ചറിവുണ്ടായത് 15 വർഷത്തിന് ശേഷം ,പീയുഷ് മിശ്ര
ഒരുകാലത്ത് താനാരു മോശം ഭർത്താവായിരുന്നുവെന്ന് നടൻ പീയുഷ് മിശ്ര. തനിക്കുണ്ടായിരുന്ന വിവാഹേതര ബന്ധങ്ങളെക്കുറിച്ച് തന്റെ പുസ്തകമായ തുമാരി ഔക്കാത് ക്യാ ഹേയിൽ പീയുഷ് മിശ്ര തുറന്ന് പറഞ്ഞിരുന്നു.''ഇപ്പോൾ ഞാൻ നല്ല ഭർത്താവാണ്. പക്ഷെ നേരത്തെ ആയിരുന്നില്ല. ഒട്ടും ഉത്തരവാദിത്തമുണ്ടായിരുന്നില്ല. വിവാഹം വലിയ ഉത്തരവാദിത്തമാണ്. 20 കളിൽ പ്രണയത്തിലാകുമ്പോൾ അതിലൊരു ലോജിക്കുമുണ്ടാകില്ല. അതാണ് അതിന്റെ സൗന്ദര്യം. പക്ഷെ 30 കളിൽ നമുക്കൊപ്പം വയസാകാൻ ആഗ്രഹിക്കുന്നയാളെയാകും പ്രണയിക്കുക. നിങ്ങൾക്കൊപ്പം പ്രായമാകാൻ തയ്യാറായ സ്ത്രീയാണ് പ്രണയത്തെ നിർവചിക്കുന്നത്. അവൾ എനിക്കൊപ്പം പ്രായമാകാൻ സമ്മതിച്ചു'' പീയുഷ് മിശ്ര പറയുന്നു.''ഞാനൊരു ഭർത്താവായെന്ന് അംഗീകരിക്കുന്നത് വളരെ വൈകിയാണ്. ഒരുപാട് സമയമെടുത്തു. 10-15 വർഷം വേണ്ടി വന്നു അവൾ എന്റെ ഭാര്യയാണെന്ന തിരിച്ചറിവുണ്ടാകാൻ. അതിന് മുമ്പ് അവൾ എന്റെ മക്കളുടെ അമ്മയും എനിക്ക് ഭക്ഷണമുണ്ടാക്കി തരുന്ന, വീട് നോക്കുന്ന സ്ത്രീ മാത്രമായിരുന്നു. അതിനപ്പുറമൊരു ഫീലിങും ഉണ്ടായിരുന്നില്ല. ഞാൻ വളരെ ഡ്രൈ ആയ വ്യക്തിയാണ്. പ്രിയയോട് മാത്രമല്ല എല്ലാത്തിനോടും. എനിക്കൊരു വികാരവും തോന്നാറില്ല'' താരം പറയുന്നു.''കഴിഞ്ഞ പതിനഞ്ച് വർഷമായി ഞാൻ വിപാസന പരിശീലിക്കുന്നുണ്ട്. അതിലൂടെ എനിക്ക് വികാരങ്ങൾ അനുഭവിക്കാനായി. അടുത്തയാൾക്കും വേദനയുണ്ടെന്നും അവർ എമ്പതി അർഹിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞു. അതിന് മുമ്പ് ഞാനൊരു അസാധാരണ മനുഷ്യനായിരുന്നു. ആന്റി സോഷ്യൽ ആയിരുന്നു. കഠിനാധ്വാനം ചെയ്തില്ലായിരുന്നെങ്കിൽ പൂർണമായും ഒറ്റപ്പെട്ടേനെ. ജോലിയാണ് എന്നെ രക്ഷിച്ചത്'' എന്നും താരം പറയുന്നു.
''അവൾ എന്നെ പ്രണയിച്ചു. എനിക്ക് വേണ്ടി വീട്ടുകാരെ എതിർത്തു. എനിക്കൊപ്പം ഒളിച്ചോടി വന്നു. അവൾ എനിക്കായി ഒരുപാട് കാര്യങ്ങൾ ത്യജിച്ചിട്ടുണ്ട്. നിങ്ങൾക്ക് എന്തും ചെയ്യാം. പക്ഷെ ഞാൻ നിങ്ങളെ ഡിവോഴ്‌സ് ചെയ്യില്ലെന്നാണ് അവൾ പറഞ്ഞത്. അവൾ എനിക്കൊപ്പം നിന്നുവെന്നത് അവളുടെ മഹത്വമാണ്. ഇന്ന് ഞാനത് മനസിലാക്കുന്നു. അതിനെ വിശേഷിപ്പിക്കാൻ വേറെ വാക്കുകളില്ല. അവളുടെ മഹത്വമാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതത്തെ പിടിച്ചു നിർത്തിയത്. ഞാൻ ഭാഗ്യവാനാണ്'' എന്നും പീയുഷ് മിശ്ര പറയുന്നു.