'മോദി ജീ.. മാമ്പഴം ചെത്തിയാണോ..കടിച്ചാണോ കഴിക്കുന്നത്..?ചർച്ചയായി നരേന്ദ്ര മോദി - അക്ഷയ് കുമാർ അഭിമുഖം
കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മുന്നോടിയായി നരേന്ദ്ര മോദി ബോളിവുഡ് നടൻ അക്ഷയ് കുമാറുമായി ചേർന്നു നടത്തിയ അഭിമുഖത്തെ ഓർമിപ്പിക്കുന്നതാണ് പിണറായി വിജയൻ- മോഹൻലാൽ സംഭാഷണമെന്നാണ് ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. മാധ്യമപ്രവർത്തകരെ അകറ്റിനിർത്തുന്ന മോദി ഒരു നടന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഇരുന്നുകൊടുത്തത് അന്ന് ദേശീയതലത്തിൽ ചർച്ചയായിരുന്നു.2019 ൽ 'ഒരു രാഷ്ട്രീയേതര അഭിമുഖം' എന്ന പേരിലായിരുന്നു മോദി- അക്ഷയ് കുമാർ അഭിമുഖം പുറത്തിറങ്ങിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ഈ അഭിമുഖം ചിത്രീകരിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന അഭിമുഖം ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഉൾപ്പെടെ ഇപ്പോഴും ലഭ്യമാണ്. രാഷ്ട്രീയ ചോദ്യങ്ങൾ ഇല്ലാതിരുന്ന ഈ അഭിമുഖത്തിൽ മോദിയുടെ വ്യക്തിജീവിതം, ശീലങ്ങൾ എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയത്.
'മോദി ജീ.. മാമ്പഴം ചെത്തിയാണോ..കടിച്ചാണോ കഴിക്കുന്നത്..? എന്നൊക്കെയുള്ള അക്ഷയ് കുമാറിന്റെ ചില ചോദ്യങ്ങളും പരിഹാസങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ഒരു സാധാരണക്കാരന്റെ ആകാംക്ഷയോടെയാണ് താൻ ഇത്തരം ചോദ്യങ്ങൾ ചോദിച്ചതെന്നും രാഷ്ട്രീയ കാര്യങ്ങൾ ചോദിക്കുന്നത് തന്റെ ജോലിയല്ലെന്നും അക്ഷയ് കുമാർ പിന്നീട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.