ആലുവ മണപ്പുറത്ത് കുതിര സവാരി പഠിച്ച് മഞ്ജു വാര്യർ
കൊച്ചി: ഒരു മാസത്തോളം നീണ്ട പരിശീലനത്തിനൊടുവിൽ ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി പഠനം നടത്തി നടി മഞ്ജു വാര്യർ. ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസാണ് മഞ്ജുവിന് കുതിര സവാരിയിൽ പരിശീലനം നൽകിയത്. ജോർജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെൺ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്.പുലർച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകൻ ജോർജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.മണപ്പുറത്ത് തിരക്കാകുന്നതിന് മുൻപ് നടി പഠനം കഴിഞ്ഞ് മടങ്ങും. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നുമാണ് ആലുവയിൽ നടി എത്തിയിരുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കിൽ എത്തുന്ന മഞ്ജുവിനെ അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. പരിശീലന ശേഷം ഓൾഡ് ദേശം റോഡിലെ കടകളിലെത്തിയായിരുന്നു ഭക്ഷണം.ചലച്ചിത്രതാരങ്ങളായ സണ്ണി വെയിൻ, സിജു വിൽസൺ, നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം കുതിരസവാരി പഠിക്കാൻ മണപ്പുറത്ത് എത്തിയിരുന്നു. ആലുവ സ്വദേശി കൂടിയായ സിജു വിൽസൺ മുഖാന്തരമാണ് മഞ്ജു കുതിര സവാരി പഠനത്തിന് ജോർജിനെ സമീപിച്ചത്. അഭിനയത്തിനും നൃത്തത്തിനുമൊപ്പം ബൈക്ക് റൈഡിങും ഇഷ്ടപ്പെടുന്ന മഞ്ജു കുതിര സവാരിയിലും തിളങ്ങുമെന്നാണ് ആരാധകർ പറയുന്നത്.