ബാഫ്റ്റ അവാര്‍ഡില്‍ തിളങ്ങി മണിപ്പൂരി ചിത്രം ബൂങ്

By :  Devina Das
Update: 2026-02-23 10:17 GMT

ബാഫ്റ്റ അവാർഡിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മണിപ്പൂരി ചിത്രം ബൂങ്. മികച്ച കുട്ടികളുടെ/കുടുംബ സിനിമ പുരസ്‌കാരം നേടിയാണ് ബൂങ് ചരിത്രം സൃഷ്ടിച്ചത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ബൂങ്. ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത നിർമാതാക്കളിൽ ഒരാൾ നടൻ ഫർഹാൻ അക്തറാണ്.

ഇന്ത്യൻ ഇൻഡി സിനിമകളുടെ ചരിത്രത്തിലൊരു നാഴികക്കല്ലാണ് ബാഫ്റ്റയിലെ ബൂങിന്റെ നേട്ടം.ആർകോ, ലിലോ ആന്റ് സ്റ്റിച്ച്, സൂട്ടോപ്പിയ 2 തുടങ്ങിയവെ പരാജയപ്പെടുത്തിയാണ് ബൂങ് പുരസ്‌കാരം നേടിയത്. ലക്ഷ്മിപ്രിയ ദേവിയുടെ ആദ്യ ചിത്രമാണിത്. മണിപ്പൂരിലെ ഒരു ഗ്രാമമാണ് പശ്ചാത്തലം. തന്റെ അച്ഛനെത്തേടിയിറങ്ങുന്ന കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. വിവിധ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ കയ്യടി നേടിയാണ് ബൂങ് ബാഫ്റ്റയിലെത്തിയത്.

എക്‌സൽ എന്റർടെയ്ൻമെന്റ്, ചോക്ക്‌ബോർഡ് എന്റർടെയ്ൻമെന്റ്, സ്യൂട്ടബിൾ പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ബൂങ് നിർമിച്ചിരിക്കുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ലക്ഷ്മിപ്രിയ നടത്തിയ പ്രസംഗവും ശ്രദ്ധ നേടുന്നുണ്ട്. മണിപ്പൂരിലേക്ക് സമാധാനം തിരികെ കൊണ്ടു വരുന്നതിനെക്കുറിച്ചാണ് ദേവിയുടെ പ്രസംഗം.

''ഇവിടെ വരെ നടന്നെത്തുക തന്നെ ഒരു പർവ്വതത്തിന്റെ ഏറ്റവും മുകളിലെത്തുന്നതിന് തൊട്ട് മുമ്പുള്ള ചുവടുകൾ പോലെയായിരുന്നു. അങ്ങനൊരു പർവ്വതം കയറേണ്ടി വരുമെന്ന് പോലും അറിയില്ലായിരുന്നു. മണിപ്പൂരിൽ സമാധാനം തിരികെ വരാൻ പ്രാർത്ഥിക്കുന്നുവെന്ന് പറയാൻ ഈ അവസരം വിനിയോഗിക്കുകയാണ്. സിനിമയിലെ ബാലതാരങ്ങൾ ഉൾപ്പെടെ ആന്തരികമായി കുടിയിറക്കപ്പെട്ട എല്ലാ കുട്ടികളും അവരുടെ സന്തോഷവും നിഷ്‌കളങ്കതയും സ്വപ്നവും വീണ്ടും വീണ്ടെടുക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു'' എന്നാണ് ലക്ഷ്മിപ്രിയ ദേവി പറയുന്നത്. ജന്മനാടിനോടുള്ള ആദരമാണ് തന്റെ ചിത്രമെന്നും ലക്ഷ്മിപ്രിയ ദേവി പറയുന്നു.

Similar News