രോഗബാധിതനായിരുന്ന സമയത്ത് ധൈര്യം തന്നത് മമ്മൂട്ടിയുടെ വാക്കുകള്‍'; വികാരഭരിതനായി മണിയന്‍പിള്ള രാജു
മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് മണിയൻപിള്ള രാജു. താൻ ക്യാൻസർ സർവൈവർ ആണെന്ന് അടുത്തിടെ നടൻ വെളിപ്പെടുത്തിയിരുന്നു. ചെവി വേദനയിൽ നിന്നുമായിരുന്നു തുടക്കമെന്നും എംആർഐ എടുത്തപ്പോഴാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞതെന്നുമാണ് മണിയൻപിള്ള രാജു പറഞ്ഞത്. രോഗത്തെ പരാജയപ്പെടുത്തി വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് മണിയൻപിള്ള രാജു. തിരിച്ചുവരവിൽ അദ്ദേഹം അഭിനയിച്ച ചിത്രം പ്രതിഛായ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലേക്ക് എത്തിയത്.രോഗബാധിതനായിരുന്ന സമയത്ത് മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകൾ പങ്കുവെക്കുകയാണ് മണിയൻപിള്ള രാജു. റേഡിയേഷൻ ചെയ്യുന്നതിനിടെ പേടി തോന്നുമ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകൾ താൻ ഓർക്കുമായിരുന്നുവെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.''എനിക്ക് സുഖമില്ലാതായപ്പോൾ ഞാൻ മമ്മൂട്ടിയെ ഒന്ന് വിളിച്ചു. ഇങ്ങനെയാണ്, എനിക്ക് സുഖമില്ല, സർജറി വേണം എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് അങ്ങേയറ്റത്തെ ഉത്തേജനം തരുന്നതായിരുന്നു. നീ ഫൈറ്റ് ചെയ്യണമെടാ, നീ വിട്ടു കൊടുക്കരുത്, ഫൈറ്റ് ചെയ്ത് തിരിച്ചുവരണം എന്ന് പറഞ്ഞു'' മണിയൻപിള്ള രാജു പറയുന്നു.
''റേഡിയേഷൻ ചെയ്യുമ്പോൾ പേടി വരും. അപ്പോൾ ഞാൻ കണ്ണടച്ചു പിടിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഓർക്കും. ഫൈറ്റ് ചെയ്യണമെടാ, ഫൈറ്റ് ചെയ്യണം എന്ന് പറയും. അതുപോലെയാണ് അഭിനയത്തിലേക്ക് വരാനും, മുന്നോട്ട് പോകാനും നമ്മൾ ഫൈറ്റ് ചെയ്യണം. എന്നു കരുതി വേറൊരാളെ ഇല്ലാതാക്കണം എന്നല്ല. നമ്മൾ സത്യസന്ധമായിരിക്കണം. നേരെ ചൊവ്വെയായിരിക്കണം. ഭാഗ്യം താനെ തേടി വരും'' താരം പറയുന്നു.