സന്തോഷിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ മലയാള സിനിമാ ലോകം

By :  Devina Das
Update: 2026-05-05 11:14 GMT

നടൻ സന്തോഷ് കെ നായരുടെ അപ്രതീക്ഷിതമായ വിയോ​ഗ വാർത്ത ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല മലയാളികൾക്ക്. അടൂർ ഏനാത്ത് വച്ച് നടന്ന വാഹാനാപകടത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. തങ്ങളുടെ സഹപ്രവർത്തകനും സുഹൃത്തും ഒക്കെയായ സന്തോഷിന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാത്ത വിഷമത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിരവധി താരങ്ങൾ . മോഹൻലാൽ, സുരേഷ് ​ഗോപി, മനോജ് കെ ജയൻ, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് തുടങ്ങി നിരവധി പേരാണ് സന്തോഷിന് അനുശോചനം അറിയിച്ച് രം​ഗത്ത് എത്തിയത്. "വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്.പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട... ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ"- എന്നാണ് നടൻ സുരേഷ് ​ഗോപി പങ്കുവച്ചിരിക്കുന്നത്. "രാവിലെ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നത് ഒരുപാട് വേദന തരുന്ന സന്തോഷ്‌ അണ്ണന്റെ വിയോഗ വാർത്തയാണ്. ഞാൻ സിനിമയിൽ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലൻ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയായിരുന്നു.കൂടെ അഭിനയിച്ചു തുടങ്ങിയപ്പോൾ ആണ് ഇത്രയും രസികൻ ആയ ഒരാൾ ആയിരുന്നോ ഇദ്ദേഹമെന്നു അത്ഭുതം തോന്നിയത്. എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അവസാനം മോഹിനിയാട്ടമാണ് ഒരുമിച്ച് ചെയ്ത സിനിമ. ആ സിനിമയുടെ സെറ്റിലും അദ്ദേഹത്തിന്റെ ഒപ്പം പങ്കിട്ട നിമിഷങ്ങൾ എല്ലാം പൊട്ടിച്ചിരികളുടേതായിരുന്നു. അത്യധികം വേദനയോടെ വിട", എന്ന് നടൻ സുരാജ് വെഞ്ഞാറമൂട് സോഷ്യൽ മീഡിയയിൽ കുറിച്ചു."മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന 80 കളും 90 കളും മുതൽ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാ​ഗമായ, നമ്മൾ കണ്ടു വളർന്ന സന്തോഷേട്ടൻ. വർഷങ്ങൾക്ക് ശേഷം മോഹിനിയാട്ടത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ വീണ്ടുമെത്തിയപ്പോൾ അത് ഞങ്ങൾക്കൊരു മുതൽക്കൂട്ടായിരുന്നു.ഞങ്ങളുടെ സിനിമ വിജയത്തിൽ എത്തി നിൽക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു വേർപാട് അപ്രതീക്ഷിതമായിരുന്നു. പറയാൻ ഇനിയും ഒരുപാട് കഥകൾ, അനുഭവങ്ങൾ ബാക്കിവെച്ച് പോയ സന്തോഷേട്ടന് ആദരാഞ്ജലികൾ". - സൈജു കുറുപ്പ് കുറിച്ചു.

Similar News