ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നത്'; വെളിപ്പെടുത്തി ഗൗരി കൃഷ്ണന്‍
ഭർത്താവുമായി വേർ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി നടി ഗൗരി കൃഷ്ണൻ. നാളുകൾക്ക് ശേഷം പങ്കുവച്ച വ്‌ളോഗിന്റെ കമന്റ് ബോക്‌സിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് താനും ഭർത്താവും പിരിഞ്ഞ് കഴിയുകയാണെന്ന് നടി വെളിപ്പെടുത്തിയത്.'ചേട്ടൻ എവിടെ? അങ്ങോട്ട് പോകുന്നില്ലേ?' എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. ഇല്ല, ഞങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു ഗൗരിയുടെ മറുപടി. അയ്യോ അങ്ങനൊന്നും പറയല്ലേ. എന്തുപറ്റി ചേട്ടൻ പാവമല്ലേ, നമുക്ക് ഒരു കൂട്ട് വേണ്ടേ ജീവിതത്തിൽ? പണിങ്ങിയിരിക്കില്ലേ എന്ന ആരാധികയുടെ മറുപടിയോടും ഗൗരി പ്രതികരിക്കുന്നുണ്ട്.''കൂട്ട് വേണം, അതാണ് എന്റേയും പ്രശ്‌നം. പിന്നെ നല്ലൊരു കൂട്ട് ആകാൻ പറ്റാത്തതു കൊണ്ട് തന്നെ ആണ് ഇങ്ങനൊരു തീരുമാനം. അല്ലാതെ ആരും മോശം ആയതു കൊണ്ടല്ല'' എന്നായിരുന്നു ഗൗരിയുടെ മറുപടി. ഒരു കൂട്ട് എല്ലാവർക്കും വേണം. പക്ഷെ അത് രണ്ട് പേർക്കും വേണം ന്നെ് തോന്നണം എന്നാലേ കാര്യം ഉള്ളൂ എന്നും ഗൗരി പറയുന്നു.''എന്തായാലും എല്ലാവരും ഒരുനാൾ മരിക്കും. അതിന് മുമ്പ് നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിക്കണം. ഇന്നലെ വന്ന ആർക്കൊക്കയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പരേർക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കിൽ എല്ലാം സ്മൂത്ത് ആയിരിക്കും'' എന്നും ഗൗരി പറയുന്നുണ്ട്.
എന്തുകൊണ്ട് പിരിഞ്ഞുവെന്ന ചോദ്യത്തിനും ഗൗരി മറുപടി നൽകുന്നുണ്ട്. ''പ്രണയം അടിച്ചേൽപ്പിക്കാനാകില്ല. സ്വാഭാവികമായി വരണം. മറ്റുള്ളവർക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു തരം ആത്മാഭിമാനം ആണ്'' എന്നായിരുന്നു ഗൗരിയുടെ മറുപടി.
''സെപ്പറേറ്റ് ആയത് അറിഞ്ഞപ്പോൾ ഒരു വിഷമം. ചേട്ടന്റെ അമ്മയൊക്കെ നല്ല സ്വീറ്റ് ആയിരുന്നു. ഗൗരിയെ പോലെ ഒരു ചിരി കുടുക്ക ആയിരുന്നു. രണ്ടാളും ഒന്ന് സംസാരിച്ച സോൾവ് ചെയ്യാവുന്ന പ്രശ്‌നം ആണെങ്കിൽ അങ്ങനെ നോക്കു. നല്ല രീതിയിൽ മുമ്പോട്ട് പോകാൻ പറ്റുന്നില്ല എങ്കിൽ പിരിയുന്നത് ആണ് നല്ലത്. ഗൗരിയുടെ ജീവിതം ആണ് പറയാൻ ഞാൻ ആരുമല്ല എന്നാലും രണ്ടാളും ഉള്ള വീഡിയോസ് കാണുമ്പോൾ ഒരു മിസ്സിംഗ്'' എന്ന കമന്റിനും ഗൗരി മറുപടി നൽകുന്നുണ്ട്.
''നല്ല വാക്കുകൾക്ക് നന്ദി. വിഡിയോയിൽ കാണുന്ന ആളുകളായിരിക്കില്ല യഥാർത്ഥത്തിൽ. എനിക്ക് ആരുടേയും ജീവിതത്തിൽ ഭാരമാകാൻ താൽപര്യമില്ല. സ്‌നേഹം പിടിച്ച് വാങ്ങാൻ പറ്റാത്ത ഒന്നാണ്'' എന്നായിരുന്നു ഗൗരി പറഞ്ഞത്.
സംവിധായകൻ മനോജ് പേയാടാണ് ഗൗരിയുടെ ഭർത്താവ്. 2022 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഗൗരി നായികയായ പൗർണമിത്തിങ്കൾ പരമ്പരയുടെ സംവിധായകനായിരുന്നു മോനജ്. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് ഗൗരി.