കണ്ടനാട്ടെ പാടശേഖരത്തിൽ നടൻ ശ്രീനിവാസന് സ്മാരകമൊരുങ്ങുന്നു
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന് കൊച്ചി കണ്ടനാട്ടെ പാടശേഖരത്തിൽ സ്മാരകമൊരുങ്ങുന്നു. തരിശായിക്കിടന്നിരുന്ന പാടശേഖരം കൃഷിയോഗ്യമാക്കിയതും പൊന്നുവിളയിച്ചതും ശ്രീനിവാസന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇത്തവണയും തണ്ണിമത്തനടക്കമുള്ള പച്ചക്കറികൾ കണ്ടനാട്ടെ പാടശേഖരത്തിൽ വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു.35 വർഷത്തോളം തരിശായി കിടന്നിരുന്ന സ്ഥലമാണിത്. 14 വർഷം മുൻപാണ് ശ്രീനിവാസൻ ഇവിടെ ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ ശ്രീനിവാസന് സ്മാരകമൊരുക്കാൻ ഇതിലും മികച്ച സ്ഥലം വേറെ എവിടെയെന്ന് പ്രദേശവാസികൾ ചോദിക്കുന്നു.രണ്ടര ഏക്കറിൽ തുടങ്ങിയ കൃഷി ഇന്നിപ്പോൾ 101 ഏക്കറിലേക്ക് വ്യാപിച്ചിരിക്കുകയാണ്. നിർമാണപ്രവർത്തനം പൂർത്തിയാക്കി സ്മാരകം ഉടനെ തന്നെ നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.അതേസമയം ശ്രീനിവാസന്റെ പാത പിന്തുടർന്ന് മകൻ ധ്യാൻ ശ്രീനിവാസനും കൃഷിയിലേക്ക് എത്തിയിരുന്നു. പാടത്തോട് ചേർന്ന് ജീവിക്കാൻ തനിക്ക് ഇഷ്ടമാണെന്നും താൻ ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ഒരിക്കൽ ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.