സ്വന്തം കുഞ്ഞിന് ജന്മം നൽകണം ;മസ്തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ ഭാര്യക്ക് അനുമതി
കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നൽകണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റിസ് എം ബി സ്‌നേഹലതയുടെ ഇടക്കാല ഉത്തരവ്.
ചിക്കൻപോക്‌സിനെത്തുടർന്ന് സെറിബ്രൽ വീനസ് ത്രോംബോസിസ് (മസ്തിഷ്‌ക വീക്കം) ബാധിച്ചാണ് ഹർജിക്കാരിയുടെ ഭർത്താവിന് മസ്തിഷ്‌കമരണം സംഭവിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിട്ടുള്ളത്. സ്വന്തം കുഞ്ഞിന് ജന്മം നൽകണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാൻ കോടതി അനുമതി നൽകിയത്. ബീജം ശേഖരിക്കാനാണ് അനുമതിയെന്നും മറ്റ് അസിസ്റ്റഡ് റീപ്രോഡക്ടീവ് ടെക്‌നോളജി നടപടികളിലേക്ക് കടക്കാൻ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കി.നിലവിലെ സാഹചര്യത്തിൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (എആർടി) നിയമപ്രകാരം ബീജം ശേഖരിക്കാൻ ഭർത്താവിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങാൻ കഴിയില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഇനി വൈകിയാൽ പിതൃത്വത്തിനുള്ള സാധ്യത എന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നും അറിയിച്ചു.തുടർന്ന് യുവാവിന്റെ ബീജം ശേഖരിക്കാനും ശീതീകരിച്ച് സൂക്ഷിക്കാനും (ക്രയോപ്രിസർവേഷൻ) കോടതി അനുമതി നൽകുകയായിരുന്നു. ചികിത്സയിലുള്ള ആശുപത്രിയോ മറ്റു അംഗീകൃത എആർടി ക്ലിനിക്കുകളോ മുഖേന ബീജം ശേഖരിക്കാം. എന്നാൽ, ഗർഭധാരണത്തിനടക്കം മറ്റു എആർടി നടപടികളിലേക്ക് കടക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നും ഉത്തരവിൽ വ്യക്തമാക്കി. കേസ് ഏപ്രിൽ ഏഴിന് വീണ്ടും പരിഗണിക്കും.