പശ്ചിമേഷ്യൻ സംഘർഷം ;ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു

By :  Devina Das
Update: 2026-03-13 04:52 GMT

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ മോദി ആശങ്ക പ്രകടിപ്പിച്ച് കൊണ്ടായികരുന്നു ഇരു നേതാക്കളുടെയും ഫോൺ സംഭാഷണം. ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം നടക്കുകയും, ഗൾഫ് മേഖലയിൽ ഇറാൻ തിരിച്ചടിക്കുകയും ചെയ്ത സംഭവങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്.ഇറാൻ പ്രസിഡന്റുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങൾ പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ പങ്കുവച്ചു. 'ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചു, പശ്ചിമേഷ്യൻ മേഖലയിലെ ഗുരുതരമായ സാഹചര്യം ചർച്ച ചെയ്തു. സംഘർഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു' -പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.ലോക സമാധാനത്തിനും സ്ഥിരതയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച പ്രധാമന്ത്രി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണെന്നും ഇറാൻ പ്രസിഡന്റിനെ ബോധിപ്പിച്ചു.

ചരക്കുകൾ, ഊർജ വിഭവങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം തടസപ്പെടുന്നതിന്റെ ആശങ്കയും ഇന്ത്യ ഇറാനെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സംഭാഷണത്തിനും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹാരം കാണാനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേർത്തു.'ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം ഉപയോഗപ്പെടുത്തണം എന്ന് പുതിയ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി തന്റെ ആദ്യ പൊതു പ്രസംഗത്തിൽ വ്യക്തമാക്കിയകിന് പിന്നാലെയാണ് മോദി പെസഷ്‌കിയാൻ ചർച്ച. ഹുർമുസ് കടലിടുക്ക് ഇന്ത്യൻ കപ്പലുകൾക്കായി തുറന്നുതരാമെന്ന് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഇറാൻ വിദേശ മന്ത്രിയുമായി നടത്തിയ സംഭാഷണത്തെ തുടർന്നാണ് സുപ്രധാന തീരുമാനമെന്നറിയുന്നു. അതേസമയം, ഇരുവരും മൂന്നുവട്ടം സംഭാഷണം നടത്തിയെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ച വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ, ഇറാൻ സമ്മതം നൽകിയെന്ന റിപ്പോർട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായിരുന്നില്ല.

Similar News