അയവില്ലാതെ പശ്ചിമേഷ്യൻ സംഘർഷം ;ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

By :  Devina Das
Update: 2026-03-08 05:18 GMT

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞതിന് മണിക്കൂറുകൾക്കകം ഇറാൻ റവല്യൂഷണറി ഗാർഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ ഡ്രോണുകൾ പതിച്ചു. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ മരിച്ചു.ഇറാനിൽ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തിൽ, കത്തിയമർന്ന അവശിഷ്ടം വാഹനത്തിൽ പതിച്ച് അൽ ബർഷയിൽ ഏഷ്യൻ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ ആർക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടർച്ചയായ ആക്രമണമുണ്ടായി.

ബഹ്റൈനിലും വിവിധ ഇടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. യുഎസ് ബേസിലാണ് ഇറാൻ ആക്രമണം നടത്തിയത്. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ വീടിനും കെട്ടിടത്തിനും കേടുപാടുണ്ടായെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഇറാന്റെ റോക്കറ്റാക്രമണം ഉണ്ടായി. ഇറാഖ് തലസ്ഥാനത്ത് ഉടനീളം വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്‌ഫോടന ശബ്ദങ്ങൾ കേട്ടതിനു ശേഷമാണ് എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ശത്രുക്കൾക്ക് താവളം ഒരുക്കി നൽകിയ അയൽക്കാരെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്‌സനി ഇസെയ് പറഞ്ഞു.

Similar News