വയനാട് ടൗണ്‍ഷിപ്പ് സന്ദർശനം ; നടന്‍ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

By :  Devina Das
Update: 2026-03-08 05:06 GMT

കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം. മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി മാറിനിൽക്കാൻ പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്.

''നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ'', എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതിനെതിരെയാണ് ഇടത് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗൺഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് ടൗൺഷിപ്പ് കാണാൻ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദർശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ടൗൺഷിപ്പിലേക്ക് വരാൻ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നിൽക്കാൻ ആവശ്യപ്പെട്ടത്.മമ്മൂട്ടിയുടെ പ്രവൃത്തി ശരിയായില്ലെന്നാണ് സൈബറിടങ്ങളിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് തന്നെയാണ് വിമർശനം ഉയർന്നത്. ആദ്യം പാർട്ടി, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും, ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന മിനിമം മര്യാദ കാണിക്കണം, അതിപ്പോ ഏത് കൊമ്പത്തെ മമ്മൂട്ടിയായാലും... തുടങ്ങി മമ്മൂട്ടിക്കെതിരെ സൈബർ ഇടങ്ങളിൽ അഭിപ്രായങ്ങൾ നിറയുകയാണ്.

മമ്മൂട്ടി ടൗൺഷിപ്പ് സന്ദർശിക്കാനായി വരുന്നതിന് തൊട്ടുമുമ്പാണ് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി ടൗൺഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടുതന്നെ കെ റഫീഖ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നേരത്തേത്തന്നെ ടൗൺഷിപ്പിൽ ഉണ്ടായിരുന്നു.

Similar News