സുഖോയ് വിമാനാപകടത്തിൽ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

By :  Devina Das
Update: 2026-03-06 06:00 GMT

ന്യൂഡൽഹി: അസമിലെ ജോർഹട്ടിന് സമീപത്ത് തകർന്നു വീണ സുഖോയ് 30 MKI യുദ്ധവിമാനത്തിലെ വൈമാനികർക്ക് വീരമൃത്യു. അപകടത്തിൽ സ്‌ക്വാഡ്രൺ ലീഡർ അനുജ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവർക്ക് ജീവൻ നഷ്ടമായതായി വ്യോമസേന സ്ഥിരീകരിച്ചു.വ്യാഴാഴ്ച രാത്രി ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക് ഓഫ് ചെയതിന് പിന്നാലെ 7.42ന് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ് വിമാനം തകർന്നു വീണതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരുടെ മരണം വ്യോമ സേന സ്ഥിരീകരിച്ചത്. 'അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു,' ഐഎഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. റഷ്യൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച സുഖോയ് 30 MKI യുദ്ധവിമാനം നിലവിൽ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Similar News