സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; രണ്ടരവയസ്സുകാരി മരിച്ചു

By :  Devina Das
Update: 2026-02-23 06:00 GMT

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു.

കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്നു രക്ഷിതാക്കൾ ആരോപിച്ചു.ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വസ്ത്രങ്ങളുടെ അലർജിയാണെന്നാണ് ഡോക്ടർ പറഞ്ഞത്. കണ്ണാശുപത്രിയിൽ കാണിക്കാൻ നിർദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി.

ഇന്നലെ ഉച്ചയ്ക്ക് 11ന് വീട്ടിൽ വച്ചു കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തളർച്ചയും ശ്വാസതടസ്സവും കൂടിയതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധൻ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടറാണു പരിശോധിച്ചത്.ഓക്‌സിജൻ നൽകിയശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പുകൾ നൽകി. ഇതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി, ആരോഗ്യനില വഷളായി.

ഉടൻ തന്നെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രി കാഷ്വൽറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സിദ്ധിഖിന്റെ മൊഴിയെടുത്തു. ഇരട്ടക്കുട്ടികളിലൊരാളാണ് ഐഷ. കുട്ടിക്ക് ജീവൻരക്ഷാ മരുന്നുകളാണു നൽകിയതെന്നും ആരോഗ്യനില വഷളായതിനെ തുടർന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Similar News