‘ഹാപ്പി ന്യൂ ഇയർ’ ആഘോഷത്തിനായി പൊന്മുടിയിലേക്ക് സഞ്ചാരികളുടെ തിരക്ക്

Tourist rush at Ponmudi for the New Year programmes

Update: 2025-12-29 17:01 GMT

വിതുര: പുതുവത്സരത്തെ വരവേൽക്കാൻ പൊന്മുടി ഒരുങ്ങിക്കഴിഞ്ഞു.

ക്രിസ്മസ് അവധി ആരംഭിച്ചതുമുതൽ പതിനായിരക്കണക്കിന് സഞ്ചാരികളാണ് പൊന്മുടി മലനിരകളിലേക്ക് എത്തിച്ചേർന്നത്. ആയിരക്കണക്കിന് വാഹനങ്ങളും ഇവിടെ എത്തി.

ഈ സീസണിൽ ഏകദേശം 15 ലക്ഷം രൂപയോളം വരുമാനം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഗോൾഡൻ വാലി, മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടു. വാമനപുരം നദിയിലെ കല്ലാർ ഉൾപ്പെടെയുള്ള കടവുകൾ, കമ്പിമൂടിനടുത്തുള്ള ഊശിക്കല്ലിലെ കാഴ്ചമരത്തിന് സമീപം തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചാരികൾ തമ്പടിക്കുന്ന കാഴ്ച പതിവായി.

പൊന്മുടിയിലെ പ്രാദേശിക ഭക്ഷണശാലകളും സജീവമാണ്. ന്യൂ ഇയർ ദിനത്തിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഞ്ചാരികളുടെ വൻതിരക്ക് കാരണം പൊന്മുടി-കല്ലാർ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കല്ലാർ ചെക്പോസ്റ്റിൽ മൂന്ന് കിലോമീറ്റർ വരെ വാഹനനിര നീണ്ടു. പൊന്മുടി ചെക്പോസ്റ്റിലും സമാനമായ സ്ഥിതി.

രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെ മാത്രമേ സഞ്ചാരികളെ പൊന്മുടിയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. തിരക്ക് അമിതമായാൽ ഏത് സമയത്തും പ്രവേശനം താൽക്കാലികമായി നിർത്തിവെക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സഞ്ചാരികളുടെ സഹകരണം അത്യാവശ്യമാണെന്ന് അധികൃതർ അഭ്യർഥിച്ചു.

ഡിസംബർ മാസം ആരംഭിച്ചതുമുതൽ പൊന്മുടിയിലെ കാലാവസ്ഥ സഞ്ചാരികൾക്ക് അനുകൂലമാണ്. എപ്പോഴും മഞ്ഞ് ഉണ്ടാകുന്നില്ലെങ്കിലും സുഖകരമായ തണുത്ത കാറ്റ് അനുഭവപ്പെടുന്നു.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ‘ക്ലീൻ അപ് ഡ്രൈവ്’ മൂലം പൊന്മുടി ഏറെക്കുറെ മാലിന്യരഹിതമായി. മാലിന്യം വലിച്ചെറിയരുതെന്ന നിർദേശം വനംവകുപ്പ് സഞ്ചാരികൾക്ക് നൽകിവരുന്നു.

പ്രദേശത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിച്ചു. വാഴ്‌വാംതോൽ വെള്ളച്ചാട്ടം, പേപ്പാറ ഡാം, വാമനപുരം താവയ്ക്കൽ കടവ്, തൊളിക്കോട് ചിറ്റീപ്പാറ തുടങ്ങിയ ഇടങ്ങളിലെല്ലാം നിരവധി സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്.

Tags:    

Similar News