ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ്സിൽ തീപിടിത്തം: 1 മരണം

Tatanagar-Ernakulam Express train catches fire in Andhra Pradesh: 1 killed

Update: 2025-12-29 11:29 GMT

വിശാഖപട്ടണം: ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളിൽ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി.

ഒരാൾ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ട്രെയിൻ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷൻ.

18189 ടാറ്റാനഗർ - എറണാകുളം ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ തീപിടിത്തമുണ്ടായത്.

ഇന്ന്പുലർച്ചെയാണ് സംഭവം. തീപിടിത്തമുണ്ടായപ്പോൾ ഒരു കോച്ചിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ഉടൻ തന്നെ ട്രെയിൻ നിർത്തി.

റെയിൽവെ ഉദ്യോഗസ്ഥർ അഗ്നിശമന സേനയെ വിവരമറിയിച്ചു. കനത്ത പുക പടർന്നതോടെ യാത്രക്കാർ കോച്ചുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഫയർ എഞ്ചിനുകൾ എത്തുന്നതിനുമുമ്പ്, രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചിരുന്നു.

രക്ഷാപ്രവർത്തനത്തിന് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. തീപിടിച്ച രണ്ട് കോച്ചുകളും ട്രെയിനിൽ നിന്ന് വേർപെടുത്തി. യാത്രക്കാരെ ഉടനെ പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് ദക്ഷിണ മേഖലാ റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയിൽവെ അറിയിച്ചു.

സംഭവത്തെത്തുടർന്ന് വിശാഖപട്ടണം - വിജയവാഡ റൂട്ടിലെ നിരവധി ട്രെയിനുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. കത്തിനശിച്ച കോച്ചുകൾ നീക്കം ചെയ്ത ശേഷം ടാറ്റാനഗർ - എറണാകുളം എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു.

Tags:    

Similar News