‘കെ.സി. വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയായി അഭിനയിക്കരുത്; കർണാടക രാഹുൽ ഗാന്ധിയുടെ കോളനിയല്ല, ഡൽഹിയിലിരിക്കുന്നവർ പാർട്ടി മാനേജർമാർ മാത്രം’
'Karnataka isn't Rahul Gandhi's colony': BJP slams KC Venugopal over eviction row, questions if he's 'super CM'
ബെംഗളൂരു: കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവഗണിക്കുന്ന രീതിയിലുള്ള ഇടപെടലാണ് നടത്തുന്നതെന്ന് ബിജെപി ആരോപിക്കുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർണാടകയുടെ സൂപ്പർ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയാണെന്നും ഡൽഹിയിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് മാത്രമേ സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കാവൂ എന്നാണോ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട് എന്നും കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക കടുത്ത വിമർശനം ഉന്നയിച്ചു.
ബെംഗളൂരുവിനടുത്തുള്ള കൊഗിലു ഗ്രാമത്തിലെ ഇടിച്ചുനിരത്തലുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിനെതിരെയാണ് ബിജെപിയുടെ പ്രതികരണം.
ആ ഇടിച്ചുനിരത്തലുകൾ സംബന്ധിച്ച കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക കർണാടക നേതാക്കളെ അറിയിച്ചുവെന്നായിരുന്നു വേണുഗോപാലിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.
“കർണാടകയുടെ ഭരണകാര്യങ്ങളിൽ ഇടപെടാൻ കെ.സി. വേണുഗോപാലിന് എന്തധികാരം? അദ്ദേഹം സൂപ്പർ മുഖ്യമന്ത്രിയാണോ? ഡൽഹിയിൽ നിന്നുള്ള കൽപ്പനകൾ അനുധാവനം ചെയ്ത് മാത്രമേ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കേണ്ടതുണ്ടോ എന്നാണോ കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിചാരം? സംസ്ഥാനം ഭരിക്കുന്നത് ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ്; എഐസിസി ജനറൽ സെക്രട്ടറിയല്ല. ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ ഫെഡറലിസത്തിന്റെ ലംഘനവും വ്യക്തമായ കടന്നുകയറ്റവുമാണ്. കർണാടകയുടെ ആത്മാഭിമാനവും ഭരണാവകാശവും ഡൽഹിയിലിരിക്കുന്ന പാർട്ടി മാനേജർമാരെ പ്രീതിപ്പെടുത്താൻ ബലികഴിക്കാനാവില്ല. കർണാടക രാഹുൽ ഗാന്ധിയുടെയും സംഘത്തിന്റെയും കോളനിയല്ല” – ആർ. അശോക പറഞ്ഞു.
അതേസമയം, ഇടിച്ചുനിരത്തൽ വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ചർച്ച ചെയ്തിരുന്നുവെന്നും കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആശങ്ക അവരെ ധരിപ്പിച്ചിരുന്നുവെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. “എഐസിസിയുടെ ആശങ്ക ഞാൻ നേതാക്കളെ അറിയിച്ചു. ഇത്തരം നടപടികളിൽ കൂടുതൽ ജാഗ്രതയും മാനുഷികതയും അനുതാപവും വേണമെന്ന് ഊന്നിപ്പറഞ്ഞു. ബാധിത കുടുംബങ്ങളുടെ കാര്യത്തിൽ വ്യക്തിപരമായി ശ്രദ്ധിക്കുമെന്നും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുമെന്നും അവർ എന്നോട് ഉറപ്പ് നൽകി,” വേണുഗോപാൽ കൂട്ടിച്ചേർത്തു.