വ്യാജ പാസിൻ്റെ മറവിൽ മഹാഗണി തടിക്കിടയിൽ ഒളിപ്പിച്ച് കടത്തിയ തേക്കിൻ തടി പിടികൂടി
Teak Wood smuggled among Mahogany Logs under the cover of fake pass seized
പാലോട്: വ്യാജ പാസിന്റെ മറവിൽ മഹാഗണി തടികൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തേക്കിൻ തടികൾ പാലോട് വനം വിഭാഗം പിടിച്ചെടുത്തു.
വാഹനം ഓടിച്ചിരുന്നത് തെങ്കാശി വേലപ്പാട്ടക്കുറിശിയിലെ ജെ.വി.വി.ഡി. കോളനിയിൽ നിന്നുള്ള പാക്കിരാജ് (35) ആണ്. ഇയാൾ പിടിയിലായി. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ വെള്ളൂർ മുടവൂർക്കരയിലെ സലാഹുദ്ദീൻ (58) എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
തടി കടത്താൻ ഉപയോഗിച്ച ടോറസ് ലോറിയും ഏകദേശം നാല് ലക്ഷം രൂപ വിലമതിപ്പുള്ള 59 കഷണം തേക്കിൻ തടികളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നന്ദിയോട് ജംഗ്ഷനിൽ വാഹനം നിർത്താൻ സിഗ്നൽ നൽകിയിട്ടും നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്ന് കരിമൺകോടിന് സമീപം വച്ചാണ് പിടികൂടിയത്. ഉരുണ്ട തടികളാക്കി തമിഴ്നാട്ടിലേക്ക് കടത്താനുള്ള ശ്രമമായിരുന്നു ഇത്.
തടി കടത്തൽ വ്യാപകമായി നടക്കുന്നുവെന്ന തടിമിൽ ഉടമകളുടെ അസോസിയേഷന്റെ പരാതിയെ തുടർന്ന് വനം വകുപ്പ് നടത്തിവരുന്ന അന്വേഷണത്തിനിടെയാണ് ഈ ലോറി പിടിയിലായത്.
ജിഎസ്ടിയും പ്രോപ്പർട്ടി ഹാമർ മാർക്ക് രജിസ്ട്രേഷനും ദുരുപയോഗം ചെയ്ത് തടികൾ സംഘടിപ്പിച്ച് ഉയർന്ന വിലയ്ക്ക് തമിഴ്നാട്ടിലെ വ്യാപാരികൾക്ക് വിൽക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളതെന്ന് ആരോപണമുണ്ട്. വ്യാജ പാസുകൾ നൽകുന്ന തെൻമല, പത്തനാപുരം സ്വദേശികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലോട് റേഞ്ച് ഓഫീസർ വി. വിപിൻചന്ദ്രന്റെയും കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ ആർ.സി. അരുണിന്റെയും നേതൃത്വത്തിലാണ് ഈ നടപടി നടന്നത്.