തൊണ്ടിമുതൽ തിരിമറിക്കേസ് ;ആന്റണി രാജുവിന് കനത്ത തിരിച്ചടി,ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

By :  Devina Das
Update: 2026-03-17 09:57 GMT

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ആന്റണി രാജുവിന്റെ അയോഗ്യത തുടരും. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കുക ലക്ഷ്യമിട്ടാണ്, ജനാധിപത്യ കേരള കോൺഗ്രസ് നേതാവു കൂടിയായ ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്നു വർഷം തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ലെന്നും, അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നും, അപ്പീലിൽ തുടർന്ന് വാദം കേൾക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. തന്റെ പ്രായം കണക്കിലെടുക്കണമെന്നും, വീണ്ടും മത്സരിക്കാൻ അവസരം ലഭിച്ചേക്കില്ലെന്നും ഹർജിയിൽ ആന്റണി രാജു വ്യക്തമാക്കിയിരുന്നു.എന്നാൽ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് അംഗീകരിച്ചില്ല. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹർജി നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയും തള്ളിയിരുന്നു. മയക്കുമരുന്നു കേസിൽപ്പെട്ട വിദേശപൗരനെ രക്ഷിക്കാൻ വേണ്ടി, അഭിഭാഷകനായിരുന്ന ആൻറണി രാജു തൊണ്ടി മുതലായ പ്രതിയുടെ ജട്ടിയിൽ തിരിമറി നടത്തിയെന്നാണ് കേസ്.

Similar News