കവടിയാർ കൊട്ടാരത്തിലെ മോഷണം ;അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

By :  Devina Das
Update: 2026-03-16 05:32 GMT

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ടാം നിലയിലുള്ള മുറിയിൽ കയറി അലമാരയിലെ അറയിൽ നിന്ന് മോഷ്ടിച്ചത് കൊട്ടാരത്തേക്കുറിച്ച് നല്ല പരിചയമുളളവരെന്നാണ് പ്രാഥമിക നിഗമനം. കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ മോഷ്ടിച്ച കേസിൽ സന്ദർശകർ ഉൾപ്പെടെ സംശയ നിഴലിൽ നിർത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശികൾ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. എന്നാൽ, ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന് കൊട്ടാരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയായിരുന്നു കവടിയാർ കൊട്ടാരത്തിലെ മോഷണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പൊലീസിൽ പരാതി നൽകുകയും ചെയ്തു. രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ നവംബർ മാസത്തിലാണ് മോഷണം പോയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി പേരൂർക്കട പൊലീസിന് കൈമാറുകയായിരുന്നു.

വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങളും കവർച്ച ചെയ്യപ്പെട്ടതായി പരാതിയിൽ വ്യക്തമാക്കുന്നു.നാലു പവൻ തൂക്കം വരുന്ന ഇല ഡിസൈനോടു കൂടിയ രണ്ട് വളകൾ, മൂന്നു പവൻ വരുന്ന വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, 5 പവൻ വരുന്ന സ്വർണ കുഴിമിന്നിമാല, 8 ലക്ഷം രൂപ വില വരുന്ന പച്ച കല്ലു പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ടു പവൻ വരുന്ന സ്വർണ്ണ കമ്മലും ഇല ഡിസൈനോടു കൂടിയ മാട്ടിയും, രണ്ടു പവൻ വരുന്ന കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം, 3 പവന്റെ പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം, അര പവന്റെ ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ തുടങ്ങിയവ നഷ്ടപ്പെട്ടതായാണ് പരാതിയിൽ സൂചിപ്പിക്കുന്നത്.

Similar News