ഇനി 'കേരളം' തന്നെ! കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു

The Union Cabinet has approved the bill to change the name of the state Kerala to Keralam

Update: 2026-02-24 12:00 GMT

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നതിൽ നിന്ന് മലയാളത്തിലെ തനതായ ഉച്ചാരണമായ 'കേരളം' എന്നാക്കി മാറ്റാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി പുതിയ പ്രധാനമന്ത്രി ഓഫീസായ 'സേവാ തീർത്ഥി'ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

ഇതോടെ, 'കേരള (നാമമാറ്റം) ബിൽ, 2026' രാഷ്ട്രപതി ദ്രൗപദി മുർമു കേരള നിയമസഭയ്ക്ക് അഭിപ്രായത്തിനായി അയയ്ക്കും. നിയമസഭയുടെ അഭിപ്രായം ലഭിച്ച ശേഷം കേന്ദ്ര സർക്കാർ അടുത്ത നടപടികൾ സ്വീകരിക്കുകയും പിന്നീട് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരമാണ് ഈ പ്രക്രിയ നടക്കുന്നത്.

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എട്ടാം പട്ടികയിലെ എല്ലാ ഭാഷകളിലും 'കേരളം' എന്ന പേര് ഉപയോഗിക്കണമെന്നും പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ഈ പ്രമേയം പ്രതിപക്ഷവും പിന്തുണച്ചിരുന്നു. 2023 ഓഗസ്റ്റിലും ഇതേ ആവശ്യവുമായി നിയമസഭ പ്രമേയം പാസാക്കിയെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. പിന്നീട് പരിഷ്കരിച്ച പ്രമേയം വീണ്ടും പാസാക്കി കേന്ദ്രത്തിന് അയച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ അംഗീകാരം ലഭിച്ചത്.

ഈ മാറ്റം നിലവിൽ വന്നാൽ ഇംഗ്ലീഷിലും ഹിന്ദിയിലടക്കമുള്ള എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനം 'കേരളം' എന്നായി മാറും.

Tags:    

Similar News