മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണംനൽകും ;വി ശിവൻകുട്ടി

By :  Devina Das
Update: 2026-03-09 07:29 GMT

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു.ന്യൂസിലൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരണ്. ഫൈനലിലെ നിർണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസുമായുള്ള നിർണായക മത്സരത്തിൽ അർധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനൽ വരെ തുടർന്ന സഞ്ജു ട്വന്റി 20 ലോകകപ്പിലെ മികച്ച താരമായി. ഇന്ത്യൻ ടീം ഒൻപത് മത്സരങ്ങൾ കളിച്ചപ്പോൾ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് അവസരം കിട്ടിയത്. നിർണായക മത്സരങ്ങളിൽ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അർധസെഞ്ച്വറിയുമായി രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറി സഞ്ജു.

Similar News